കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരം; 1500 കളിപ്പാട്ടങ്ങള്‍ നിരോധിച്ച് ബഹ്റൈന്‍

മനാമ: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വിഷപദാര്‍ഥങ്ങള്‍ അടങ്ങിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 1500ഓളം കളിപ്പാട്ടങ്ങള്‍ ബഹ്റൈന്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. വാണിജ്യ-വ്യാപാര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് സര്‍വേയുടെ ഭാഗമായി കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടം വിതയ്ക്കുന്ന കളിപ്പാട്ടങ്ങള്‍ വ്യാപകമായി കണ്ടെത്തിയത്.

പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത കളിപ്പാട്ടങ്ങള്‍ ജിസിസി ഹെല്‍ത്ത് കൗണ്‍സിലില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വസ്തുത കണ്ടെത്തിയതെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശെയ്ഖ് ഹമദ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അറിയിച്ചു. കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന രാസപദാര്‍ഥങ്ങള്‍ ഇവയില്‍ അടങ്ങിയതായാണ് കണ്ടെത്തിയത്. പ്രത്യേകിച്ചും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ആന്റിമണി അടങ്ങിയിട്ടുള്ളതായും പരിശോധനയില്‍ വ്യക്തമായി.

ഇത്തരം വിഷപദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന കളിപ്പാട്ടങ്ങളുമായി കുട്ടികള്‍ കളിക്കുന്നത് അവരുടെ കണ്ണിനും ശ്വാസകോശത്തിനും വലിയ കേടുപാടുകള്‍ക്ക് കാരണമാവും. പരിശോധനയിലെ കണ്ടെത്തലിനെ തുടര്‍ന്ന് ഇത്രയും ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു. വരും ദിനങ്ങളില്‍ പരിശോധന വ്യാപകമാക്കും. കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഗള്‍ഫ് ടെക്നിക്കല്‍ റെഗുലേഷന്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ് ഉറപ്പുവരുത്താന്‍ കടയുടമകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Top