ഹീത്രൂ എയർപോർട്ടില്‍ ‘ബാഗേജ് കടല്‍’; സാങ്കേതിക തകരാറെന്ന് വിശദീകരണം

ലോകത്തെ പ്രധാനപ്പെട്ട വിമാനത്തവാളങ്ങളിലൊന്നാണ് ലണ്ടനിലെ ഹീത്രൂ. അവിടുത്തെ ഒരു ടെർമിനലിന് മുന്നിൽ സ്യൂട്ട്കേസുകള്‍ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. യാത്രക്കാരുടെ ബാഗേജുകള്‍ അയക്കുന്ന സംവിധാനവുമായി ബന്ധപ്പെട്ടുണ്ടായ തകരാറാണ് അസാധാരണ സംഭവത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഗേജുകള്‍ കെട്ടികിടക്കുന്നത് വിമാനതാവള ജീവനക്കാർക്കും ബുദ്ധിമുട്ടാകുന്നുണ്ട്. കൊവിഡ് ലോക്ക്ഡൗൺ സമയത്ത് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതിനെത്തുടർന്ന് മഹാമാരിക്ക് ശേഷം കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മാറുമ്പോൾ വര്‍ദ്ധിച്ച ആവശ്യങ്ങള്‍ പാലിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ഇത് വ്യോമയാന വ്യവസായത്തിന്‍റെ എല്ലാ മേഖലകളിലുമുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹീത്രുവിലെ കാഴ്ച എന്നാണ് റിപ്പോര്‍ട്ട്.

സ്കൈ ന്യൂസിന്‍റെ വീഡിയോ പ്രകാരം ടെര്‍മിനല്‍ രണ്ടിന്‍റെ നടപ്പാതയിൽ ബാഗേജുകൾ കൂട്ടിയിട്ടിരിക്കുന്നത്. ജീവനക്കാര്‍ തൂണുകൾക്ക് ചുറ്റും അക്ഷര ക്രമത്തില്‍ ബാഗുകൾ ക്രമീകരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ അവര്‍ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ടെർമിനലിലെത്തിയ ചില യാത്രക്കാരോട് രണ്ട് ദിവസത്തേക്ക് ലഗേജ് ലഭിക്കില്ലെന്ന് അറിയിച്ചതായി റിപ്പോർട്ടുണ്ട്. അടുത്തിടെ ഹീത്രൂവിൽ നിന്നും യാത്ര പുറപ്പെട്ട പല അന്താരാഷ്ട്ര യാത്രക്കാര്‍ക്കും, അവര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയശേഷവും അവരുടെ ലഗേജ് ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ടെർമിനലിന്റെ ബാഗേജ് സംവിധാനത്തിലെ സാങ്കേതിക പ്രശ്‌നമാണ് ഇതിന് കാരണമെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം ടെർമിനൽ 2 ബാഗേജ് സംവിധാനത്തിൽ സാങ്കേതിക തകരാർ ഉണ്ടായിരുന്നു അത് ഇപ്പോൾ പരിഹരിച്ചുവെന്നുമാണ് ഹീത്രൂ എയർപോർട്ട് അധികൃതര്‍ പറയുന്നത്.

Top