ബദരിനാഥ് ക്ഷേത്രം നടതുറന്നു; ആദ്യ പൂജ ബുക്ക് ചെയ്തത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ബദരീനാഥ് ക്ഷേത്രം തുറന്നു. പൂജാരിമാര്‍ അടക്കം 27 പേര്‍ മാത്രമായിരുന്നു പൂജയ്ക്കായി ഉണ്ടായിരുന്നത്. ആദ്യ പൂജ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബുക്ക് ചെയ്തിരുന്നത്. കേരളത്തില്‍ നിന്ന് മുഖ്യ പൂജാരി കണ്ണൂര്‍ ചെറുതാഴം ചന്ദ്രമന ഈശ്വര്‍ പ്രസാദിനെ കര്‍ണാടക സര്‍ക്കാര്‍ ലക്‌നൗ വരെ എത്തിക്കുകയും അവിടെ നിന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹെലിക്കോപ്റ്ററില്‍ ഡെറാഡൂണല്‍ എത്തിക്കുകയും ചെയ്തു. അങ്ങനെയാണ് നടതുറക്കാനായത്.

ക്ഷേത്രം ഏപ്രില്‍ 30ന് തുറക്കേണ്ടതായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് മേയ് 15 ലേക്ക് നീട്ടിയത്. ഇത് ആദ്യമായാണ് ഭക്തര്‍ക്ക് പ്രവേശനം നല്‍കാതെ ബദരീനാഥ് ക്ഷേത്രം തുറക്കുന്നത്. ഉത്തരാഖണ്ഡില്‍ ഹിമാലയന്‍ പര്‍വത നിരകള്‍ക്കരികില്‍ അളകനന്ദാ നദിക്കരയിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ബദരീനാഥ്. മറ്റു ഹിമാലയ ക്ഷേത്രങ്ങളായ ഗംഗോത്രി, യമുനോത്രി എന്നിവ പോലെ എല്ലാ വര്‍ഷവും ഒക്ടോബര്‍-നവംബര്‍ സമയത്ത് ശൈത്യകാലം തുടങ്ങുന്നതോടെ ബദരീനാഥ് ക്ഷേത്രവും അടയ്ക്കുന്നു.

ഏപ്രില്‍ അവസാനം മുതല്‍ കാര്‍ത്തിക പൂര്‍ണിമ വരെയുള്ള സമയത്ത് മാത്രം ഭക്തര്‍ക്കായി തുറന്നു കൊടുക്കുന്ന ഇവിടെ പ്രതിവര്‍ഷം ലക്ഷക്കണക്കിന് ആളുകളാണ് ദര്‍ശനത്തിനായി എത്തുന്നത്. കേരളത്തിലെ നമ്പൂതിരി സമുദായത്തില്‍പ്പെട്ടവര്‍ മുഖ്യപൂജാരിമാരാണ് എന്ന പ്രത്യേകതയും ബദരീനാഥിനുണ്ട്.

Top