അക്ഷയ്ക്കും ടൈഗറിനും ഒപ്പം പൃഥ്വിരാജ്; ‘ബഡേ മിയാന്‍, ഛോട്ടേ മിയാന്‍’ റിലീസ് പ്രഖ്യാപിച്ചു

ക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ബഡേ മിയാന്‍, ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2024 ലെ ഈദ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. ഏപ്രില്‍ പത്തിനോ പതിനൊന്നിനോ ആയിരിക്കും ഈ തീയതി. യൂറോപ്പും യുഎഇയുമൊക്കെ ലൊക്കേഷനുകള്‍ ആയിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അക്ഷയ് കുമാറിന്റെയും ടൈഗര്‍ ഷ്രോഫിന്റെയും കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്.

അതേസമയം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കബീര്‍ എന്നാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹിന്ദിയില്‍ പൃഥ്വിരാജിന്റെ നാലാമത്തെ ചിത്രമാണിത്. ജാക്കി ഭഗ്‍നാനിയും ദീപ്‍ശിഖ ദേശ്‍മുഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൊനാക്ഷി സിന്‍ഹയും മാനുഷി ഛില്ലറും അലയ എഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം ബോക്സ് ഓഫീസില്‍ ഒരു വിജയം നേടുക അക്ഷയ് കുമാറിനെ സംബന്ധിച്ച് അടിയന്തര ആവശ്യമാണ് ഇപ്പോള്‍. ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് വിജയങ്ങളുള്ള താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ കൊവിഡ് കാലത്ത് ബോളിവുഡ് നേരിട്ട തകര്‍ച്ചയില്‍ അക്ഷയ് ചിത്രങ്ങളും നിരനിരയായി തകര്‍ന്നിരുന്നു. സൂര്യവന്‍ശി മാത്രമാണ് അതിന് അപവാദമായി മാറിയത്. പഠാനിലൂടെ ഷാരൂഖ് ഖാന്‍ വന്‍ തിരിച്ചുവരവ് നടത്തിയത് പോലെ അക്ഷയ് കുമാറിനും ഒരു ചിത്രം വരണമെന്ന് ബോളിവുഡ് വ്യവസായം ആഗ്രഹിക്കുന്നുണ്ട്.

Top