ചാനല്‍ ചര്‍ച്ചയിലെ മോശം പ്രസ്താവന; ഐഎംഎ മാപ്പു പറയണമെന്ന് ഹോമിയോ ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ഐഎംഎ ഭാരവാഹി ഡോ. സുള്‍ഫി നൂഹ് ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ മോശം പ്രസ്താവനയ്‌ക്കെതിരെ ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാര്‍ രംഗത്ത്. സുള്‍ഫിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച പ്രതിഷേധ ദിനമായി ആചരിച്ചു. ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്തും പ്രതിഷേധ ബാഡ്ജ് ധരിച്ചുമാണ് ഇവര്‍ പ്രതിഷേധിച്ചത്.

കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ നയമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആയുഷ് ഡോക്ടര്‍മാര്‍ക്കെതിരെയും ഹോമിയോ പ്രതിരോധ മരുന്നിനെതിരെയും ഡോ.സുള്‍ഫി മോശം പരാമര്‍ശം നടത്തിയത്. സുള്‍ഫി പ്രസ്താവന പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍. സുള്‍ഫി പ്രസ്താവന തിരുത്തി മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയുടെ തീരുമാനം.

Top