സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം ; ഇന്നസെന്റിനെതിരെ അന്വേഷണം

തിരുവനന്തപുരം: മലയാള താര സംഘടനയായ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിനെതിരെ വനിതാ കമ്മീഷന്‍ അന്വേഷണം.

വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നതാണ് ഇന്നസെന്റിനെതിരെയുള്ള ആരോപണം.

വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ കമ്മിഷന്‍ ഡയറക്ടര്‍ എ.യു. കുര്യാക്കോസിനാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നടിമാരെക്കുറിച്ചുള്ള പരാമര്‍ശം അപലപനീയമാണെന്നും അവര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍, നടിക്ക് എതിരായത് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ക്ക് ഒപ്പമാകും ഇന്നസെന്റിന്റെ പരാമര്‍ശവും അന്വേഷിക്കുന്നതെന്ന് എ.യു. കുര്യാക്കോസ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിന്റെ ക്ലിപ്പിങ്ങുകള്‍ ഉള്‍പ്പെടെ ശേഖരിച്ചാകും അന്വേഷണം നടക്കുക.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ‘അമ്മ’യുടെ യോഗത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വിശദീകരിക്കാനാണ് ഇന്നസെന്റ് വാര്‍ത്താസമ്മേളനം വിളിച്ചത്. സിനിമയിലെ ‘കാസ്റ്റിങ് കൗച്ച്’ വിവാദത്തെ കുറിച്ചു ചോദിച്ചപ്പോള്‍ അങ്ങനെയൊന്നും ഇപ്പോഴില്ലെന്നും മോശം സ്ത്രീകള്‍ കിടക്ക പങ്കിടുന്നുണ്ടാകാമെന്നുമാണ് ഇന്നസെന്റ് പറഞ്ഞത്.

Top