ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനം ; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് ബിസിസിഐ വിശദീകരണം തേടും

മുംബൈ: ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിനോട് വിശദീകരണം തേടാന്‍ ബി സി സി ഐ തീരുമാനം. അഞ്ച് ടെസ്റ്റ് പരമ്പരകളുള്ള ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തില്‍ ആദ്യ രണ്ട് ടെസ്റ്റ് പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 2-0 ത്തിന് പിന്നിലാണ്.

ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ നിരാശയുടെ കയത്തിലേക്ക് വീണപ്പോഴാണ് കടുത്ത നടപടിയുമായി ബിസിസിഐ രംഗത്തെത്തിയിരിക്കുന്നത്. ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാടും കോച്ച് രവിശാസ്ത്രിയോടും വിശദീകരണം ചോദിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.

തോറ്റ ടീമിന്റെ പ്രകടനത്തിന് ശാസ്ത്രിയും പരിശീലക സംഘവും മറുപടി പറയേണ്ടതുണ്ടെന്നും ബിസിസിഐ അധികൃതര്‍ പറയുന്നു. സഞ്ജയ് ബംഗാര്‍, ആര്‍ ശ്രീധര്‍, ഭരത് അരുണ്‍ എന്നിവരാണ് ശാസ്ത്രിയുടെ സഹപരിശീലകര്‍.

ദക്ഷിണാഫ്രിക്കയില്‍ പരമ്പര തോറ്റപ്പോള്‍ വിശ്രമവും മുന്നൊരുക്കവും ഇല്ലെന്നായിരുന്നു ടീമിന്റെ പരാതി. ഇംഗ്ലണ്ടില്‍ ഇക്കാര്യം പറയാനാവില്ലെന്നും ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതെല്ലാം ലഭ്യമാക്കിയെന്നും ബിസിസിഐ പറയുന്നു.

എജ്ബാസ്റ്റണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി എങ്കില്‍ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 159 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിലോട് ഇന്ത്യ പരാജയപ്പെട്ടത്. ആഗസ്റ്റ് 18ന് നോട്ടിംഗ്ഹാമിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.

Top