കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് വീണ്ടും വിലക്ക്

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച്ച പഞ്ചാബ് എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. ടീമിന് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ടീമിനൊപ്പമുണ്ടാവില്ല. അദ്ദേഹത്തെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയിരിക്കുകയാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഡഷന്‍. റഫറിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ് അച്ചടക്കസമിതി ശിക്ഷ വിധിച്ചത്. കൂടെ 50,000 പിഴയും ചുമത്തിയിട്ടുണ്ട്.

പിഴശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപ്പീല്‍ തള്ളിയിരുന്നു. നാല് കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അപ്പീല്‍ കമ്മിറ്റി പിന്നീട് വ്യക്തമാക്കി.മാര്‍ച്ച് മൂന്നിന് നടന്ന പ്ലേ ഓഫ് മത്സരത്തിലാണ് റഫറിയുടെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിട്ടത്. സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴ ചുമത്തുകയായിരുന്നു അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍.

കഴിഞ്ഞ സീസണ്‍ ഐഎസ്എല്ലിനിടയിലും വുകോമാനോവിച്ചിന് വിലക്കുണ്ടായിരുന്നു. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ് ചുമത്തിയത്. വുകോമനോവിച്ച് രണ്ടാഴ്ചയ്ക്കകം അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കി. മാര്‍ച്ച് മുപ്പത്തിയൊന്നിനാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തിയത്. നാല് കോടിയായിരുന്നു ബ്ലാസ്റ്റേഴ്സിന് പിഴ.

Top