മൂന്ന്‌ പതിറ്റാണ്ടിന് ശേഷം ബച്ചനും രജനിയും ഒന്നിച്ച്; തലൈവര്‍ 170 ഷൂട്ടിങ്ങ് പുരോഗമിക്കുന്നു

‘തലൈവര്‍ 170′ എന്ന് പേരിട്ടിരിക്കുന്ന രജനി കാന്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

3 പതിറ്റാണ്ടിന് ശേഷം രജനിയും അമിതാഭ് ബച്ചനും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ’33 വര്‍ഷത്തിന് ശേഷം ഞാന്‍ വീണ്ടും എന്റെ മാര്‍ഗദര്‍ശിക്കൊപ്പം, അമിതാഭ് ബച്ചന്‍ എന്ന പ്രതിഭാസത്തിനൊപ്പം അഭിനയിക്കുന്നു. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന, ലൈക്ക പ്രൊഡക്ഷന്‍സിന്റെ തലൈവര്‍ 170 എന്ന ചിത്രത്തില്‍. ആഹ്‌ളാദം കൊണ്ട് എന്റെ ഹൃദയം പ്രകമ്പനം കൊള്ളുന്നു’, ബച്ചനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രജനികാന്ത് എക്‌സില്‍ കുറിച്ചു.

അന്ധ കാനൂണ്‍, ഗെരഫ്താര്‍ തുടങ്ങി പല ചിത്രങ്ങളിലും രജനിയും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ‘ഹം’ എന്ന ചിത്രമാണ് അക്കൂട്ടത്തിലെ ബിഗസ്റ്റ് ഹിറ്റ്. മുകുള്‍ എസ് അനന്ദിന്റെ സംവിധാനത്തില്‍ 1991 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. ആക്ഷന്‍ ക്രൈം വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഗോവിന്ദയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബോളിവുഡില്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായിരുന്നു ഹം. 16.8 കോടിയാണ് ചിത്രം നേടിയ ലൈഫ് ടൈം കളക്ഷന്‍. ജയിലറിന്റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന രജനി ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തുന്ന സിനിമകൂടിയാണിത്.

Top