അമിതാഭ് ബച്ചനെ കൂട്ട് പിടിക്കാന്‍ രാഹുല്‍, ഉടന്‍ ബിഗ് ബിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: ബിഗ് ബി അമിതാഭ് ബച്ചനുമായി കൂടിക്കാഴ്ചക്ക് രാഹുല്‍ ഗാന്ധി ഒരുങ്ങുന്നു.

2019- ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിഗ് ബി അടക്കം ബോളിവുഡിലെ പ്രധാന ചില താരങ്ങളെ കോണ്‍ഗ്രസ്സിനു വേണ്ടി രംഗത്തിറക്കാനാണ് നീക്കം.

രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്ന അമിതാഭ് ബച്ചനുമായി ഗാന്ധി കുടുംബത്തിന് മുന്‍പുണ്ടായിരുന്ന അടുത്ത ബന്ധം പുന:സ്ഥാപിക്കുകയാണ് രാഹുലിന്റെ ലക്ഷ്യം.

ത്രിപുരയടക്കം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടി ബി.ജെ.പി സ്വാധീനം ഉറപ്പിച്ച സ്ഥിതിക്ക് കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചു വരാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും നോക്കാനാണ് രാഹുലിന്റെ തീരുമാനം.

ഗാന്ധി കുടുംബത്തിന്റെ താല്‍പ്പര്യം ഇരുവരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രമുഖ വ്യവസായി അമിതാഭ് ബച്ചന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായാണ് വിവരം.

ഗാന്ധി കുടുംബത്തോട് പഴയ അടുപ്പത്തോടെ മുന്നാട്ട് പോകാന്‍ ബച്ചന് താല്‍പ്പര്യമുണ്ടെങ്കിലും രാഷ്ട്രീയ താല്‍പ്പര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

രാജസ്ഥാന്‍, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകളുടെ വിധിയെഴുത്ത് ബി.ജെ.പിക്ക് എതിരായാല്‍ ഗുജറാത്ത് ടൂറിസത്തിന്റെ ‘അംബാസിഡര്‍’ സ്ഥാനം ഒഴിഞ്ഞ് ബച്ചന്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാന്റ്.

അമിതാഭ് ബച്ചനെ കൂടാതെ മകന്‍ അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് എന്നിവര്‍ ബച്ചന്‍ കുടുംബത്തില്‍ നിന്നുള്ളതും ഇപ്പോഴും ബിഗ് ബിക്ക് ബോളിവുഡ് താരങ്ങള്‍ക്കിടയിലുള്ള സ്വാധീനവും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ്.

തമിഴകത്ത് രജനീകാന്ത് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടി അധികാരം പിടിച്ചാല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിന് അനുകുലമായി കൈ കോര്‍ക്കാന്‍ രജനിയുടെ അടുത്ത സുഹൃത്തായ അമിതാഭ് ബച്ചനെ ഉപയോഗപ്പെടുത്താമെന്നുമുള്ള കണക്ക് കൂട്ടലും കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിനുണ്ട്.

ടീം രാഹുലിന്റെ ലോക് സഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള പ്രാഥമിക വിശകലന റിപ്പോര്‍ട്ടിലും ബിഗ് ബി അടക്കമുള്ള ബോളിവുഡ് താരങ്ങളെ ഉപയോഗപ്പെടുത്തുന്നത് വലിയ ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ബച്ചന്‍ കുടുംബവുമായി സൗഹൃദം പുന:സ്ഥാപിക്കാന്‍ രംഗത്തിറങ്ങുന്നത്.

നിലവില്‍ രാഹുല്‍ ഗാന്ധിക്ക് പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ പി.ചിദംബരം, കപില്‍ സിബില്‍, അഹമദ് പട്ടേല്‍, അജയ് മാക്കന്‍, ജ്യോതിരാജ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, സി.പി ജോഷി, മനീഷ് തിവാരി, ഷക്കീല്‍ അഹമ്മദ്, സഞ്ജയ് നിരുപമ, രണ്‍ദീവ് സുര്‍ജെജ വാല തുടങ്ങി നിരവധി കോണ്‍ഗ്രസ്സ് നേതാക്കളെ ഒറ്റയടിക്ക് ബിഗ് ബി ട്വിറ്ററില്‍ ഫോളോ ചെയ്ത് തുടങ്ങിയതും കോണ്‍ഗ്രസ്സ് പ്രതീക്ഷയോടെയാണ് കാണുന്നത്.

മൂന്ന് കോടിയിലധികം ഫോളോവേഴ്‌സുള്ള അമിതാഭ് ബച്ചന്‍ നിലവില്‍ വെറും 1689 പേരെ മാത്രമാണ് ഫോളോ ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്.

മോദി അധികാരത്തിലെത്തിയത് മുതല്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ പരിപാടികളില്‍ ബച്ചന് പ്രാമുഖ്യം നല്‍കിവന്നിരുന്നത് കോണ്‍ഗ്രസ്സ് പാളയത്തില്‍ അദ്ദേഹം എത്താതിരിക്കാനായിരുന്നു.

ഏറ്റവും ഒടുവില്‍ ജി.എസ്.ടിയുടെ ബ്രാന്‍ഡ് അംബാസിഡറായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതും ബച്ചനെയായിരുന്നു.

ഈ കാവി ‘കുരുക്കില്‍’ നിന്നും ബച്ചനെ മോചിപ്പിച്ച് കോണ്‍ഗ്രസ്സുമായി സഹകരിപ്പിക്കാന്‍ ജയ ബച്ചനെയല്ല മറിച്ച് ഉന്നത വ്യവസായ പ്രമുഖനെ തന്നെയാണ് കോണ്‍ഗ്രസ്സ് രംഗത്തിറക്കിയിരിക്കുന്നത്.

മുന്‍പ് ബച്ചന്‍ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട സമയത്ത് ഏറെ സഹായിച്ച വ്യവസായ പ്രമുഖനാണിത്.

അമര്‍ സിങ്ങിനെ പോലെ കിംഗ് മേക്കറല്ലാത്തതിനാല്‍ എന്നും തിരശീലക്ക് പിന്നിലാണ് ഇദ്ദേഹം.

അന്തരിച്ച ശിവസേന തലവന്‍ ബാല്‍ താക്കറെയുമായും അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന വ്യവസായി കൂടിയാണ് ഇദ്ദേഹം.

Top