കുഞ്ഞിനെ കൊലപ്പെടുത്തി ഭാര്യയും ഭര്‍ത്താവും ആത്മഹത്യ ചെയ്തു

പറവൂര്‍: മൂന്നരവയസുകാരന്‍ കുട്ടി അടക്കം ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പരവൂര്‍ സ്വകാര്യ ബസ്സ്റ്റാന്റിന് അടുത്ത് മില്‍സ് റോഡില്‍ വട്ടപ്പറന്പത്ത് വീട്ടില്‍ സുനില്‍, ഭാര്യ കൃഷ്‌ണേന്തു, മൂന്നര വയസുകാരന്‍ മകന്‍ അരവ് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനിലിന് 38 വയസും, കൃഷ്‌ണേന്തുവിന് 30 വയസുമാണ്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ചതാണ് എന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

വീട്ടിലെ രണ്ട് ഫാനുകളില്‍ കെട്ടിതൂങ്ങി മരിച്ച നിലയിലാണ് സുനിലിന്റെയും ഭാര്യയുടെയും മൃതദേഹം കാണപ്പെട്ടത്. ആരവ് കൃഷ്ണ കട്ടിലിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹങ്ങള്‍ കണ്ടത്. അബുദാബിയില്‍ ലിഫ്റ്റ് ടെക്‌നീഷ്യനായിരുന്നു സുനില്‍. കൊവിഡ് ആയതോടെ നാട്ടില്‍ എത്തി തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനില്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സാമ്പത്തിക പ്രതിസന്ധികളോ, കുടുംബ പ്രശ്‌നങ്ങളോ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആത്മഹത്യയുടെ കാരണം തേടുകയാണ് പൊലീസ്. മൂന്നരവയസുകാരന്‍ കുഞ്ഞിന്റെ കഴുത്തില്‍ കരുവാളിച്ച പാടുണ്ട്. ശനിയാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Top