പാഴ്‌വസ്തുക്കൾ കൊണ്ട് കുഞ്ഞൻ ജീപ്പ്; മഹാരാഷ്ട്രക്കാരനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കുന്ന കാര്യത്തില്‍ യാതൊരു പിശുക്കും കാണിക്കാത്ത വ്യക്തിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. വാഹനവുമായി ബന്ധപ്പെട്ട കണ്ടെത്തലുകളെ അദ്ദേഹം പ്രത്യേകമായി പരിഗണിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു നിര്‍മിതിയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ തരംഗമായിരിക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയായ വ്യക്തി പാഴ്‌വസ്തുകളില്‍ നിന്ന് നിര്‍മിച്ച ഫോര്‍ വീലര്‍ വാഹനത്തിന്റെ ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള ദത്താത്രയ ലോഹര്‍ എന്നയാളാണ് തന്റെ മകന്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്നതിനായി പാഴ്‌വസ്തുകള്‍ ഉപയോഗിച്ച് കുഞ്ഞന്‍ ജീപ്പ് നിര്‍മിച്ചിരിക്കുന്നത്. ഹിസ്റ്റോറിക്കാനോ എന്ന യുട്യൂബ് ചാനലിലൂടെയാണ് ആനന്ദ് മഹീന്ദ്ര ഈ വാഹനത്തിന്റെ വിശേഷങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഉള്‍പ്പെടെയാണ് ഈ വാഹനത്തെയും അത് ഉണ്ടാക്കിയ വ്യക്തിയെയും അഭിനന്ദിച്ച് കൊണ്ടുള്ള വാക്കുകള്‍ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ആനന്ദ് മഹീന്ദ്ര പുറത്തുവിട്ട വീഡിയോയിലാണ് ഈ വാഹനത്തിന്റെ പ്രവര്‍ത്തനം വിശദീകരിച്ചിരിക്കുന്നത്. വിദേശ വാഹനങ്ങള്‍ക്ക് സമാനമായി ഇടതുവശത്താണ് ഈ വാഹനത്തിന്റെ സ്റ്റിയറിങ്ങ് നല്‍കിയിട്ടുള്ളത്. ഇതിനുപുറമെ, സാധാരണ ബൈക്കുകളില്‍ നല്‍കിയിരിക്കുന്നത് പോലെ ക്വിക്കര്‍ ഉപയോഗിച്ചാണ് ഈ കുഞ്ഞന്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യുന്നത്. വെറും 60,000 രൂപ ചെലവിലാണ് തകിടുകളും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ചുള്ള ഈ വാഹനം നിര്‍മിച്ചിട്ടുള്ളതെന്നാണ് വിവരം.

Top