ഒഡീഷയില്‍ ചുഴലിക്കാറ്റിനിടെ ജനിച്ച കുഞ്ഞിന്റെ പേര് ഫോനി !

ന്യൂഡല്‍ഹി: ഒഡീഷയില്‍ ഫോനി ചുഴലിക്കാറ്റിന്റെ ആഞ്ഞുവീശലിനിടെ ജനിച്ച കുട്ടിയുടെ പേര് ഫോനി എന്നിട്ടു. ഒഡിഷയിലെ റെയില്‍വെ ആശുപത്രിയില്‍ ഇന്ന് രാവിലെ 11.03 ജനിച്ച പെണ്‍കുഞ്ഞിനാണ് ഫോനി എന്ന് പേരിട്ടത്.

ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള മഞ്ചേശ്വറിലെ റെയില്‍വെ ആശുപത്രിയിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്. മഞ്ചേശ്വറിലുള്ള കോച്ച് റിപ്പയര്‍ വര്‍ക്ക് ഷോപ്പിലെ ഹെല്‍പ്പറായ 32 വയസുള്ള റെയില്‍വെ ജീവനക്കാരിയുടെതാണ് കുഞ്ഞ്.

കുഞ്ഞും അമ്മയും സുഖമായി കഴിയുന്നുവെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വെയ്സ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. റെയില്‍വെ ആശുപത്രിക്ക് പുറത്ത് ഫോനി ആഞ്ഞു വീശുന്നതിനിടെ ഡോക്ടര്‍മാര്‍ മനസാന്നിധ്യം കൈവിടാതെയാണ് അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ പ്രവര്‍ത്തിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളിയാഴ്ച രാവിലെയോടെയാണ് ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊടുന്നത്. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ ഇതുവരെ ആറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Top