വിവാദ മരംമുറി ഉത്തരവും ഇന്ധനവിലയും നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവും ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉയര്‍ത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കി.

വനം മന്ത്രിയെ പോലും ഇരുട്ടില്‍ നിര്‍ത്തി ഇറക്കിയ ഉത്തരവിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. സര്‍ക്കാര്‍ കേരളത്തിന്റെ താല്‍പര്യങ്ങളെ അടിയറവ് വെച്ചുവെന്ന ആക്ഷേപവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ഡാമുകളിലെ റൂള്‍ കര്‍വ് സംബന്ധിച്ച ചോദ്യങ്ങളും ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിക്കും.

വിവാദമായ പശ്ചാത്തലത്തില്‍ മരംമുറി ഉത്തരവ് വനംവകുപ്പ് മരവിപ്പിച്ചിരുന്നു. വനം വകുപ്പ് ചീഫ് കണ്‍വര്‍വേറ്ററുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്നും കര്‍ശന നടപടിയുണ്ടാവുമെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഐഎഫ്എസ് ഉദ്യോഗസ്ഥരെ നേരിട്ട് സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിക്ക് അനുമതിയില്ല ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണത്തിന് കാത്തിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Top