അങ്കമാലിയില്‍ അച്ഛന്റെ ക്രൂരതയ്ക്ക് ഇരയായ കുഞ്ഞ് സുഖം പ്രാപിച്ചു; ആശുപത്രി വിട്ടു

എറണാകുളം:അങ്കമാലിയില്‍ അച്ഛന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞ് ആശുപത്രി വിട്ടു.അമ്മേയയും കുഞ്ഞിനെയും സ്‌നേഹ ജ്യോതി എന്ന സ്ഥാപനത്തിലേക്ക് മാറ്റും. വനിതാ കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു കുഞ്ഞ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഓരോ മാസവും കുട്ടിക്ക് പരിശോധന നടത്തേണ്ടതുണ്ട്.

ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ തലയിലിട്ടിരുന്ന തുന്നല്‍ മാറ്റി, ഓക്‌സിജന്‍ സപ്പോര്‍ട്ടും നീക്കം ചെയ്തു. ദഹന പ്രക്രിയ സാധാരണനിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാല്‍ കുടിക്കുന്നുമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ജൂണ്‍ 18-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 16 ദിവസത്തോളം ചികിത്സയിലായിരുന്നു. തലച്ചോറിനും തലയോട്ടിക്കും ഇടയില്‍ രണ്ടിടത്ത് രക്തസ്രാവമുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയകളും നടത്തിയിരുന്നു.

അച്ഛന്‍ ഷൈജു കട്ടിലിലേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. ഇയാള്‍ റിമാന്‍ഡിലാണ്. കേസില്‍ ഒരുമാസത്തിനകം ചാര്‍ജ് ഷീറ്റ് നല്‍കുമെന്ന് ആങ്കമാലി സിഐ ബാബു അറിയിച്ചു.

Top