കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം; പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി വനിതാ കമ്മിഷന്‍

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മിഷന്‍. പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും പി. സതീദേവി വ്യക്തമാക്കി.

വനിതാ കമ്മിഷന്‍ അധ്യക്ഷയായി ചുമതയേല്‍ക്കുന്നതിന് മുന്‍പ് അനുപമ സംഭവം വിളിച്ചു പറഞ്ഞിരുന്നുവെന്നും സതീദേവി പറഞ്ഞു. കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് അനുപമയ്ക്ക് വ്യക്തത ഉണ്ടായിരുന്നില്ല. ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറിയത് നടപടികള്‍ പാലിച്ചാണെന്നും അനുപമ പറഞ്ഞിരുന്നു. വനിതാ കമ്മിഷന്‍ അധ്യക്ഷയായി ചുമതലയേറ്റതിന് ശേഷമാണ് ഔദ്യോഗികമായി പരാതി ലഭിക്കുന്നതെന്നും അതിന്മേലാണ് നടപടിയെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് നിലവിലെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അനുപമ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ട്. ഏപ്രില്‍ പത്തൊന്‍പതിനാണ് ആദ്യ പരാതി കൊടുത്തത്. എന്നാല്‍ പൊലീസ് പറയുന്നത് ഏപ്രില്‍ മാസത്തിലല്ല പരാതി നല്‍കിയതെന്നാണ്. സെപ്റ്റംബറില്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. താന്‍ തെറ്റുകാരിയെങ്കില്‍ പൊലീസ് കണ്ടുപിടിക്കട്ടെയെന്നും അനുപമ വ്യക്തമാക്കിയിരുന്നു.

Top