കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം; നാളെ അനുപമയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ നാളെ അനുപമയുടെ മൊഴിയെടുക്കും. അനുപമയോടും അജിത്തിനോടും നാളെ നാല് മണിക്ക് ഹാജരാകാന്‍ നിര്‍ദേശം നല്‍കി. വനിതാ ശിശുവികസന ഡയറക്ടര്‍ക്ക് മുമ്പിലാണ് ഹാജരാകേണ്ടത്. രേഖകള്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ, വിഷയത്തില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച സംഭവിച്ചുവെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ബാലാവകാശ കമ്മിഷന്‍ കുറ്റകരമായ മൗനം പുലര്‍ത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ വിഷയത്തില്‍ നടന്ന ഉന്നതതല രാഷ്ട്രീയ ഭരണ ഗൂഢാലോചനയെ കുറിച്ച് നിയമപരമായ എല്ലാ നടപടി ക്രമങ്ങളും അട്ടിമറിച്ച് ജുഡീഷ്യന്‍ അന്വേഷണം നടത്തണെമെന്നും ശിശുക്ഷേമ സമിതി പിരിച്ചുവിടണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു.

അതേസമയം, ദത്ത് വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതി നിയമപ്രകാരമാണ് നടപടികള്‍ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Top