കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ പൊലീസുമായി സംഘര്‍ഷം

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്. ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരം തൈക്കാടുള്ള ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ.ഷിജുഖാനെതിരെ അന്വേഷണം നടത്തണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

പൊലീസെത്തി മാര്‍ച്ച് തടഞ്ഞതോടെ ഓഫീസിന് മുന്നില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തില്‍ സി.പി.എം നേതാക്കളായ ആനാവൂര്‍ നാഗപ്പനും ഷിജു ഖാനുമടക്കമുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിനിടെ അനുപമയ്ക്ക് നീതി ഉറപ്പാക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ വകുപ്പ്തല അന്വേഷണം തുടങ്ങിയെന്നും കുഞ്ഞിനെ അമ്മയ്ക്ക് നല്‍കുന്നതാണ് അഭികാമ്യമെന്നും വീണാ ജോര്‍ജ് പറഞ്ഞു. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അനുപമ പറയുന്ന കാലയളവില്‍ രണ്ട് കുട്ടികളെ ലഭിച്ചുവെന്നത് മന്ത്രിയും സ്ഥിരീകരിക്കുന്നു. ഇതില്‍ ഒരാളുടെ ഡിഎന്‍എ പരിശോധിച്ചപ്പോള്‍ അത് പരാതിക്കാരിയുടെ കുട്ടിയല്ലെന്ന് തെളിഞ്ഞതാണ്. അമ്മയ്ക്ക് നീതി കിട്ടാന്‍ വേണ്ട നിലപാട് സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

Top