ചുംബനം നല്‍കി, കരസേനാ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞ് ബാബു

പാലക്കാട്: മലമ്പുഴയില്‍ സമാനതകള്‍ ഇല്ലാത്ത രക്ഷാദൗത്യത്തിനാണ് കേരളം ഈ മണിക്കൂറുകളില്‍ സാക്ഷിയായത്. 46 മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. രണ്ട് സൈനികരുടെ സാഹസികമായ ശ്രമമാണ് വിജയിച്ചത്. ചെങ്കുത്തായ മലനിയിലെ ദൗത്യം കനത്ത വെല്ലുവിളി നേരിട്ടിരുന്നു. കരസേന ഉദ്യോഗസ്ഥരോട് ബാബു നന്ദി പറയുകയും ചുംബനം നല്‍കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കാലിലേറ്റ ചെറിയ മുറിവ് ഒഴിച്ചാല്‍ ബാബുവിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല എന്നാണ് വിവരം. മലമുകളിലെത്തിയ ശേഷം അമ്മയുമായി ബാബു ഫോണില്‍ സംസാരിച്ചു.

ജയ് വിളികളോടെയാണ് സൈന്യം സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന്റെ വിജയം ആഘോഷിച്ചത്. മണിക്കൂറുകളോളം പച്ചവെള്ളം പോലും കുടിക്കാതെ മരണത്തെയും മുന്നില്‍ കണ്ടു കഴിയുമ്പോഴും ശുഭാപ്തി വിശ്വാസത്തിലായിരുന്നു ബാബു. രക്ഷാപ്രവര്‍ത്തകരുടെ അന്വേഷണത്തോടെല്ലാം ബാബു പ്രതികരിക്കുന്നുണ്ടായിരുന്നു.

ഇന്നു രാവിലെയാണ് കോസ്റ്റ് ഗാര്‍ഡ് ബാബുവിന് ഭക്ഷണവും വെള്ളവുമെത്തിച്ചത്. അതിനു ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം. മലമുകളിലെത്തിച്ച ബാബുവിന് ചെറിയ അവശത മാത്രമാണുണ്ടായിരുന്നത്. എയര്‍ ലിഫ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലേക്ക് യുവാവിനെ മാറ്റുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

Top