babu – swaraj

കൊച്ചി: ആരുടെ രാജി ആവശ്യപ്പെട്ടാണോ തെരുവില്‍ ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങിയത് ആ മന്ത്രിയെ തന്നെ തളയ്ക്കാനുള്ള അപൂര്‍വ്വ ദൗത്യവുമായി സ്വരാജ്.

ബാര്‍കോഴ കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് വകുപ്പുമന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന യുവജന പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ പോലീസ് മര്‍ദ്ദനത്തിനിരയായി കൈ ഒടിഞ്ഞ നേതാവാണ് സംഘടനയുടെ സംസ്ഥാനസെക്രട്ടറി കൂടിയായ സ്വരാജ്.

കോടതി ഇടപെടലിന്റെ ‘സാങ്കേതികത്വത്തില്‍’ കടിച്ച് തൂങ്ങി രാജിവെയ്ക്കാതിരുന്ന മന്ത്രി കെ.ബാബുവിനെ നിയമസഭ കാണിക്കാതിരിക്കാനുള്ള ദൗത്യം സ്വരാജിന് പാര്‍ട്ടി കൈമാറുമെന്ന പ്രതീക്ഷയിലാണ് സിപിഎം-ഡിവൈഎഫഐ പ്രവര്‍ത്തകര്‍.

37 കാരനായ സ്വരാജ് പ്രീഡിഗ്രിക്ക് പഠിക്കുന്ന ചെറിയ പ്രായത്തില്‍ തന്നെ കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
നിലമ്പൂര്‍ ചുങ്കത്തറ മര്‍ത്തോമ കോളേജില്‍ ഒന്നാംവര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ തന്നെ കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനുമായി. എസ്എഫ്‌ഐ ജില്ലാ-സംസ്ഥാന ഭാരവാഹിയായിരിക്കുമ്പോള്‍ത്തന്നെ നിരവധി മര്‍ദ്ദനങ്ങള്‍ക്കിരയായിട്ടുണ്ട്.

മികച്ച വാഗ്മിയും എഴുത്തുകാരനും കൂടിയായ സ്വരാജ്, കെ.ബാബുവിനെതിരെ എന്തുകൊണ്ടും മികച്ച സ്ഥാനാര്‍ത്ഥി തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. മാധ്യമങ്ങളുടെ മുന്നില്‍ മുട്ട് വളച്ച് ഓച്ചാനിച്ച് നില്‍ക്കുന്ന ‘അഭിനവ’ രാഷ്ട്രീയം വശമില്ലാത്തതിനാല്‍ ചില മാധ്യമങ്ങളുടെ കണ്ണിലെ കരടാണ് ഈ യുവനേതാവ്.

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെ മോശമായി ചിത്രീകരിച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്ക് പിന്നിലും ഈ പകപോക്കലായിരുന്നു. ഒടുവില്‍ സഹികെട്ട് പ്രമുഖ മാധ്യമത്തിനെതിരെ മാനനഷ്ടത്തിന് സിവിലായും ക്രിമിനലായും കേസ് ഫയല്‍ ചെയ്തിരിക്കുകയാണിപ്പോള്‍ സ്വരാജ്.

Top