‘സാന്റാ മരിയ’ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ എത്തി; നായകനായി ബാബു ആന്റണി

ബാബു ആന്റണി നായകനാവുന്ന പുതിയ ചിത്രം ‘സാന്റാ മരിയ’യുടെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ വിനു വിജയ് ആണ്. സംവിധായകനും തിരക്കഥാകൃത്തുമായ അമല്‍ കെ ജോബിയുടേതാണ് രചന. ഒരു കയ്യില്‍ വീണയും മറുകയ്യില്‍ ചോര വാര്‍ന്ന ചുറ്റികയുമായി ഒരു സോഫയില്‍ ഇരിക്കുന്ന സാന്റാക്ലോസ് ആണ് പോസ്റ്ററില്‍.

ഡോണ്‍ ഗോഡ്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലീമോന്‍ ചിറ്റിലപ്പിള്ളിയാണ് നിര്‍മ്മാണം. ഏറെനാളത്തെ ഇവേളയ്ക്കു ശേഷമാണ് ബാബു ആന്റണി മലയാളത്തിലേക്ക് നായകനായി തിരിച്ചെത്തുന്നത്. ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു പ്രഖ്യാപിച്ചിരിക്കുന്ന ‘പവര്‍ സ്റ്റാറി’നു മുന്‍പ് ചിത്രീകരണം ആരംഭിക്കുന്നത് ഈ ചിത്രമായിരിക്കും. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി നവംബറില്‍ ചിത്രീകരണം ആരംഭിക്കും.

ഒരു ക്രിസ്മസ് കാലത്ത് കൊച്ചി നഗരത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കൊലപാതകങ്ങളും അതേത്തുടര്‍ന്ന് പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമിടയില്‍ പരസ്പരമുണ്ടാവുന്ന ശത്രുതയും തുടര്‍ന്നുണ്ടാവുന്ന ചില സംഭവവികാസങ്ങളുമാണ് സാന്റാ മരിയയുടെ ഇതിവൃത്തം.

ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാവും ബാബു ആന്റണി എത്തുക. ഇര്‍ഷാദ്, അലന്‍സിയര്‍, റോണി ഡേവിഡ് രാജ്, വിജയ് നെല്ലിസ്, മഞ്ജു പിള്ള, അമേയ മാത്യു, ശാലിന്‍ സോയ, ഇടവേള ബാബു, ശ്രീജ നായര്‍, സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. മലയാളത്തിലെ ഒരു സൂപ്പര്‍ താരവും അതിഥി വേഷത്തില്‍ എത്തിയേക്കും.

 

Top