ബാബാ രാംദേവിനെയും സദ്ഗുരുവിനെയും തള്ളി തമിഴ്‌നാട് സര്‍ക്കാര്‍; സ്റ്റാര്‍ലൈറ്റ് പ്ലാന്റ് തുറക്കില്ല

starlite

ചെന്നൈ: സദ്ഗുരുവിന്റെയും ബാബ രാംദേവിന്റെയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്നില്ല, സ്‌റ്റൈര്‍ലൈറ്റിന്റെ കോപ്പര്‍ പ്ലാന്റ് ഇനി തുറക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് മന്ത്രിസഭയിലെ അംഗമായ ഡി.ജയകുമാറാണ് സ്റ്റര്‍ലൈറ്റ് പ്ലാന്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. സ്റ്റര്‍ലൈറ്റ് പ്ലാന്റ് ഇനി തുറക്കില്ല. ഇത് തമിഴ്‌നാട് സര്‍ക്കാറിന്റെ ശക്തമായ നിലപാടാണെന്ന് ജയകുമാര്‍ പറഞ്ഞു. സദ്ഗുരുവിന്റെയും ബാബ രാംദേവിന്റെയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെമ്പ് വ്യവസായത്തെ കുറിച്ച് തനിക്ക് അറിയില്ല. എങ്കിലും നമ്മുടെ രാജ്യത്തിന് ചെമ്പ് ആവശ്യമാണ്. അത് നമ്മള്‍ ഉല്‍പാദിപ്പിച്ചില്ലെങ്കില്‍ ചൈനയില്‍ നിന്ന് വാങ്ങേണ്ടി വരും. വ്യവസായശാല കൊണ്ടുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ നിയമങ്ങളിലുടെ പരിഹരിക്കപ്പെടേണ്ടതാണെന്നുമായിരുന്നു സ്റ്റാര്‍ ലൈറ്റ് പ്ലാന്റ് വിഷയത്തില്‍ സദ് ഗുരു ട്വീറ്റ് ചെയ്തത്.

നേരത്തെ സ്റ്റര്‍ലൈറ്റ് പ്ലാന്റിന്റെ ഉടമസ്ഥരായ വേദാന്തയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ യോഗ ഗുരു ബാബരാംദേവിനെ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷം സ്റ്റര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരത്തില്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സാധാരണക്കാരായ ജനങ്ങള്‍ ഇതില്‍ പെട്ടുപോയതാണെന്നും രാംദേവ് ട്വീറ്റ് ചെയ്തിരുന്നു. വന്‍ വ്യവസായങ്ങള്‍ രാജ്യത്തിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഈ രണ്ട് ട്വീറ്റുകളും കണക്കിലെടുക്കാതെയാണ് തമിഴ്‌നാടിന്റെ പുതിയ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top