അയോധ്യ കേസ്: വിധിക്ക് കാതോർത്ത് നെഞ്ചിടിപ്പോടെ ഇന്ത്യ, ഇനി നിർണ്ണായകം

കോണ്‍ഗ്രസിന്റെ തകര്‍ച്ചയും ബി.ജെ.പിയുടെ ഉദയവും കണ്ട അയോധ്യകേസ് വിധിക്ക് കാതോര്‍ത്ത് നെഞ്ചിടിപ്പോടെ ഇന്ത്യ. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി വിഗതികളെപ്പോലും മാറ്റിമറിച്ചാണ് അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതും രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭങ്ങള്‍ അരങ്ങ് തകര്‍ത്തതും. ഇതിന്റെ പരിണിത ഫലമായാണ് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയാനും രണ്ട് ലോക്‌സഭാംഗങ്ങളിലൊതുങ്ങിയ ബി.ജെ.പിയെ ഇന്ത്യഭരിക്കുന്ന പാര്‍ട്ടിയായി വളര്‍ത്താനും വഴിയൊരുക്കിയത് രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭമായിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് 45 ദിവസമെടുത്താണ് ഈ കേസില്‍ അന്തിമ വാദം കേട്ടിരുന്നത്. രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17ന് വിരമിക്കുന്നതിനാല്‍ അന്നോ അതിനു മുമ്പോ വിധി വരാനാണ് സാധ്യത. വിധിയെ സമചിത്തതയോടെ നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി മന്‍കി ബാത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചിരുന്നത്.

1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കപ്പെടുമ്പോള്‍ ഉണ്ടായിരുന്ന സ്ഥലത്തുതന്നെ പള്ളി പുനസ്ഥാപിക്കാന്‍ അനുമതി തരണമെന്നാവശ്യപ്പെട്ടാണ് സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള കക്ഷികള്‍ വാദമുയര്‍ത്തിയത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് നേരത്തെ രാമക്ഷേത്രം സ്ഥിതി ചെയ്തിരുന്നുവെന്നും ഇവിടെ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി വേണമെന്നുമാണ് എതിര്‍കക്ഷിയായ ഹിന്ദുമഹാസഭയും നിര്‍മോഹി അഖാഡയും വാദിക്കുന്നത്.

അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമിയെ ചൊല്ലിയാണ് അടിസ്ഥാനപരമായ കേസുള്ളത്. അലഹബാദ് ഹൈക്കോടതി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ലക്കുമായി ഭൂമി വീതിച്ചു നല്‍കിയാണ് വിധി പ്രസ്താവിച്ചിരുന്നത്. പതിറ്റാണ്ടുകാലം നിലനിന്ന നിയമ പോരാട്ടത്തിനിടെ തന്നെ അയോധ്യ തര്‍ക്കം പരിഹരിക്കാന്‍ പലവട്ടം മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. കേസിന്റെ അപ്പീലാകട്ടെ സുപ്രീം കോടതിയും നീട്ടുകയായിരുന്നു.

രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസായതോടെയാണ് അയോധ്യകേസ് വേഗത്തില്‍ വിചാരണ തുടങ്ങിയത്. കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. തുടര്‍ന്ന് എല്ലാ പ്രവര്‍ത്തിദിനങ്ങളിലും കേസ് പരിഗണിച്ച് 40 ദിവസംകൊണ്ടാണ് വാദംപൂര്‍ത്തിയാക്കിയത്. വിധിയെ സമചിത്തതയോടെ സ്വീകരിക്കാനാണ് ബി.ജെ.പി നേതൃത്വം അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ പ്രസ്താവനകള്‍ ഇറക്കരുതെന്ന് വക്താക്കളോടും പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹിയില്‍ ആരംഭിച്ച ആര്‍.എസ്.എസ് ഉന്നതതല യോഗത്തില്‍ നവംബറില്‍ പ്രധാനപരിപാടികളെല്ലാം മാറ്റിവെച്ച് പ്രചാരകരോട് അതത് സ്ഥലങ്ങളില്‍ തങ്ങാന്‍ സര്‍സംഘ്ചാലക് മോഹന്‍ഭാഗവതും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിധി അനുകൂലമായാല്‍ ഡിസംബര്‍ ആറിന് അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ആരംഭിക്കാനാണ് സംഘപരിവാര്‍ നീക്കം. ക്ഷേത്രനിര്‍മ്മാണത്തിനുള്ള കല്ലുകളുടെ 65 ശതമാനം കൊത്തുപണികളും ഇതിനകം തന്നെ പൂര്‍ത്തിയാക്കിട്ടുണ്ട്.

അതേസമയം ജമ്മു കാശ്മീര്‍ വിഷയത്തില്‍ നേതാക്കള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് വെട്ടിലായ കോണ്‍ഗ്രസ് നേതൃത്വം അയോധ്യ കേസിലെ വിധിയില്‍ ഒറ്റ നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നേതാക്കളും വക്താക്കളും പാര്‍ട്ടി നിലപാടനുസരിച്ച് മാത്രം പ്രതികരിച്ചാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പ്രധാനമന്ത്രിപദത്തില്‍ ചരിത്രവിജയത്തോടെ രണ്ടാമൂഴം സ്വന്തമാക്കിയ നരേന്ദ്രമോഡിക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം. പ്രതിപക്ഷത്തേക്കാള്‍ മോഡി ഭയക്കുന്നത് അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുമെന്ന ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെ പ്രഖ്യാപനമാണ്.

അയോധ്യയിലെ ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നേരത്തെ കത്തയച്ചതും ആര്‍.എസ്.എസിന്റെ മനസറിഞ്ഞാണ്. സ്ഥലം ക്ഷേത്രത്തിനായി വിട്ടുനല്‍കുന്നതിന് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി ആവശ്യമില്ലെന്നും പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഭൂമി വിട്ടുകൊടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും ചൂണ്ടികാട്ടിയാണ് സ്വാമി കത്തുനല്‍കിയിരുന്നത്.

സോണിയാ ഗാന്ധിയുടെ കടുത്ത വിമര്‍ശകനായിരുന്ന ജനതാപാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമിയെ ബി.ജെ.പിയില്‍ എത്തിച്ച് രാജ്യസഭാ അംഗമാക്കിയത് ആര്‍.എസ്.എസ് നേതൃത്വമാണ്. ആര്‍.എസ്.എസിന്റെ നിലപാടനുസരിച്ചാണ് സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും വിലയിരുത്തുന്നത്. അതിനാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഇനി പിന്നോട്ടുപോകാന്‍ മോഡിക്കും കഴിയുകയില്ല.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡിയെ എല്‍.കെ അദ്വാനിയെ തഴഞ്ഞ് പ്രധാനമന്ത്രിയാക്കിയതും രണ്ടാം വട്ടവും പ്രധാനമന്ത്രിപദത്തില്‍ അവരോധിച്ചതും ആര്‍.എസ്.എസിന്റെ സംഘടനാ ശക്തി ഒന്നുകൊണ്ടുമാത്രമാണ്. ആര്‍.എസ്.എസ് പ്രചാരകനായിരുന്ന മോഡി ആര്‍.എസ്.എസ് സര്‍സംഘ്ചാലകിന്റെ വാക്കുകള്‍ മുഖവിലക്കെടുത്തില്ലെങ്കില്‍ രാഷ്ട്രീയ വനവാസം അനുഭവിക്കുന്ന അദ്വാനിയുടെ ഗതിയായിരിക്കും ഒടുവില്‍ ഉണ്ടാവുക.

ലോക്‌സഭയില്‍ കേവലം രണ്ട് എം.പിമാരുണ്ടായിരുന്ന ബി.ജെ.പിക്ക് കേന്ദ്ര ഭരണം നേടിക്കൊടുത്തത് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള പ്രക്ഷോഭങ്ങളാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി എല്‍.കെ അദ്വാനി നടത്തിയ രഥയാത്രയുടെ കോ ഓര്‍ഡിനേറ്ററായിരുന്നു നരേന്ദ്രമോഡി. അദ്വാനിയുടെ രഥയാത്ര ഉയര്‍ത്തിയ ഹിന്ദുത്വവികാരമാണ് വാജ്‌പേയിയെ ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയാക്കിയത്. രാമക്ഷേത്ര നിര്‍മ്മാണം മുദ്രാവാക്യമാക്കി തീവ്രഹിന്ദുത്വം ഉയര്‍ത്തിയതോടെ 2014ല്‍ മോഡിയും പ്രധാനമന്ത്രിയായി. 2019ല്‍ ഹിന്ദുത്വ ഏകീകരണത്തോടൊപ്പം ദേശീയ വികാരവും മോദിക്ക് തുണയായി. ആര്‍.എസ്.എസ് എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചാണ് മോഡിയെ രണ്ടാമതും പ്രധാനമന്ത്രി പദത്തിലെത്തിച്ചിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അലഹബാദില്‍ ആര്‍.എസ്.എസ് ധര്‍മ്മ സന്‍സദില്‍ മോഹന്‍ഭാഗവത് പ്രഖ്യാപിച്ചിരുന്നു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ ജോലികള്‍ സര്‍ക്കാര്‍ ആരംഭിച്ചില്ലെങ്കില്‍ നാലു മാസത്തിനു ശേഷം പണികള്‍ തുടങ്ങുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഫെബ്രുവരി ഒന്നിന് മോഹന്‍ഭാഗവത് നടത്തിയ ഈ പ്രഖ്യാപനത്തിന്റെ കാലാവധി മെയ് മാസത്തോടെ കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ജൂണില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കേണ്ടതായിരുന്നു. പ്രസംഗത്തിനിടെ രാമക്ഷേത്ര നിര്‍മ്മാണ ആവശ്യം ഉയര്‍ത്തി അണികള്‍ പ്രതിഷേധിച്ചതോടെയാണ് അവര്‍ വോട്ടിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും വിശ്വാസം കണക്കിലെടുത്ത് രാമക്ഷേത്രം പണിയുകതന്നെ ചെയ്യുമെന്നും മോഹന്‍ഭാഗവത് വ്യക്തമാക്കിയിരുന്നത്. ‘ഈ തീരുമാനം മൂന്നു നാല് മാസത്തിനകം ഉണ്ടായാല്‍ നല്ലത്. ഇല്ലെങ്കില്‍ രാമക്ഷേത്ര നിര്‍മ്മാണം നാലു മാസത്തിനു ശേഷം ആരംഭിക്കുമെന്നും’അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ആര്‍എസ്എസ് ഇങ്ങനെ നിലപാട് കടുപ്പിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരാണ് വെട്ടിലാകുന്നത്.

പ്രധാനമന്ത്രിയെന്ന നിലയില്‍ സുപ്രീം കോടതി വിധി മാനിച്ചുകൊണ്ടുള്ള തീരുമാനമേ നരേന്ദ്രമോഡിക്ക് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. ആര്‍എസ്എസിനാകട്ടെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാനും കഴിയില്ല. വരാനിരിക്കുന്ന കോടതി വിധിയെ സംഘപരിവാര്‍ സംഘടനകളും മുസ്ലീം സംഘടനകളും ആകാംക്ഷയോടെയാണിപ്പോള്‍ ഉറ്റ് നോക്കുന്നത്.

സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. രാജ്യത്തിന്റെ സമാധാനം തകര്‍ക്കുന്ന ഒരു നീക്കത്തിനും ഒപ്പമുണ്ടാകില്ലെന്ന് പ്രതിപക്ഷ കക്ഷികളും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് ന്യൂസ് സ്റ്റാന്റേര്‍ഡ് മോണിറ്ററിങ് അതോറിറ്റി മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ച് കഴിഞ്ഞിട്ടുണ്ട്. വിധി എന്ത് തന്നെയായാലും അത് മതേതര ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും.

എം.വിനോദ്

Top