ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനം മാത്രം: വീണ്ടും വിവാദ പരാമര്‍ശവുമായി പ്രജ്ഞ സിംഗ് ഠാക്കൂര്‍

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഓഫീസര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ വീണ്ടും പുലിവാല് പിടിച്ച് പ്രജ്ഞ സിങ് ഠാക്കൂര്‍. ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുകയാണ് താന്‍ എന്നു മാത്രമല്ല, രാമക്ഷേത്രത്തിന് ആവശ്യമില്ലാത്ത ചില കാര്യങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അത് ഞങ്ങള്‍ നീക്കം ചെയ്തു. മാത്രമല്ല, ഇതിലൂടെ രാജ്യത്തോടുള്ള ഞങ്ങളുടെ സ്‌നേഹമാണ് പ്രകടിപ്പിച്ചത് എന്ന് പ്രജ്ഞ സിങ് ഠാക്കൂര്‍ പറഞ്ഞു. ആജ് തക്കുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു പ്രജ്ഞ സിങ്ങിന്റെ വിവാദ പരാമര്‍ശം.

മാത്രമല്ല 70 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ച ഈ രാജ്യത്ത് തങ്ങളുടെ ക്ഷേത്രങ്ങള്‍ പോലും സുരക്ഷിതമല്ല, ഈ രാജ്യത്ത് അല്ലെങ്കില്‍ പിന്നെ എവിടെയാണ് ക്ഷേത്രങ്ങള്‍ പണിയുക, ബിജെപിയെ സംബന്ധിച്ച് ഇത് രാഷ്ട്രീയ വിഷയമായി കണക്കാക്കിയിട്ടില്ലെന്നും പ്രജ്ഞ സിങ് ഠാക്കൂര്‍ പറഞ്ഞു.

ഭോപ്പാലിലെ ജനങ്ങള്‍ തന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ വിശ്വാസം ഇരട്ടിച്ചെന്നും വിജയത്തില്‍ കുറഞ്ഞതൊന്നും ഈ തെരഞ്ഞെടുപ്പില്‍ അവിടെ സംഭവിക്കില്ലെന്നും പ്രജ്ഞ സിങ് വ്യക്തമാക്കി.

Top