‘അയോധ്യ വിധി’ ; കണ്ണും കാതും സുപ്രീം കോടതിയിലേക്ക്, രാജ്യം കനത്ത സുരക്ഷയില്‍

ന്യൂഡല്‍ഹി : അയോധ്യാ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസിൽ വിധി പറയുക.

അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് ഭരണഘടന ബെഞ്ച് വിധി പറയുക. അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിംഗ് വിളിച്ചുചേര്‍ത്താണ് കേസിൽ വിധി പറയുന്നത്.

2010 സെപ്റ്റംബര്‍ 30ന് അയോധ്യയിലെ തര്‍ക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ച് നൽകാൻ അലഹാബാദ് ഹൈക്കോടതി വിധിച്ചു. അതിനെതിരെ ഹിന്ദു സംഘടനകളും സുന്നി വഖഫ് ബോര്‍ഡ് ഉൾപ്പടെയുള്ള മുസ്‍ലിം കക്ഷികളും സുപ്രീംകോടതിയിലെത്തി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഓഗസ്റ്റ് 7 മുതൽ ഒക്ടോബര് 17വരെ 40 പ്രവര്‍ത്തി ദിനങ്ങളിൽ തുടര്‍ച്ചയായി വാദം കേട്ടു.

മധ്യസ്ഥശ്രമത്തിലൂടെ അയോധ്യ തര്‍ക്കം തീര്‍ക്കാൻ ആദ്യം ഭരണഘടന ബെഞ്ച് ശ്രമിച്ചു. അതിനായി റിട്ട. ജസ്റ്റിസ് ഖലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിക്ക് രൂപ നൽകി. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷികൾ കോടതിയിലെത്തിയതോടെയാണ് കേസിൽ വാദം കേൾക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് എടുത്തത്.

കേസിന്റെ വിധി വരുന്ന പശ്ചാത്തലത്തില്‍, സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. യുപിയിലേക്ക് സുരക്ഷസേനയെ അയക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അയോധ്യാ കേസിലെ സുപ്രീംകോടതി വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്നുനാം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Top