ബാബറി മസ്ജിദ് കേസ്; എല്ലാവരെയും വെറുതെ വിട്ട് വിചാരണ കോടതി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വിചാരണക്കോടതി വെറുതെ വിട്ടു. മസ്ജിദ് തകര്‍ത്തതില്‍ ഒരു ആസൂത്രണവും ഇല്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ 32 പ്രതികളും കുറ്റവിമുക്തരായിരിക്കുകയാണ്. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. 2000 പേജാണ് വിധി പ്രസ്താവത്തിനുള്ളത്.

പള്ളി പൊളിക്കാന്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് അദ്വാനി ശ്രമിച്ചത്. പ്രതികള്‍ക്ക് എതിരായ തെളിവ് ശക്തമല്ലെന്നും പളളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികരാത്തിലാണെന്നും കോടതി പ്രസ്താവിച്ചു. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഫോട്ടോകളും വീഡിയോകളും കൃത്രിമമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അക്രമം കാട്ടിയത് സാമൂഹിക വിരുദ്ധരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്തത്. എന്നാല്‍ ഇത് ആദ്യത്തെ ശ്രമത്തിലായിരുന്നില്ല. അതിന് മുമ്പും ബാബറി മസ്ജിദ് തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. അന്ന് അയോധ്യയില്‍ വെടിവയ്പ്പുണ്ടാകുകയും 16 പേര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് സര്‍ക്കാര്‍ രേഖകള്‍. 1528ല്‍ മുഗള്‍ ഭരണാധികാരി ബാബര്‍ നിര്‍മിച്ച ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് 1949 മുതലാണ് തുടര്‍ച്ചയായ പ്രശ്നങ്ങളുണ്ടാകുന്നത്.

1528ല്‍ ബാബറിന്റെ നിര്‍ദേശ പ്രകാരം ജനറല്‍ മിര്‍ ബാഖിയാണ് ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ ബാബറി മസ്ജിദ് പണിതത്. ഇവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നും അത് തകര്‍ത്താണ് പള്ളി പണിതതെന്നും രാമന്റെ ജന്മഭൂമിയാണിതെന്നും വാദം ഉയരുന്നത് വളരെ കാലത്തിന് ശേഷമാണ്. 1949 ഡിസംബറില്‍ പള്ളിക്കകത്ത് രാമന്റെ വിഗ്രഹം ‘പ്രത്യക്ഷപ്പെട്ട’തോടെയാണ് വിവാദങ്ങളുടെ തുടക്കം.

മുസ്ലിം ഭാഗത്ത് നിന്ന് ഹാഷിം അന്‍സാരിയും ഹിന്ദു ഭാഗത്ത് നിന്ന് നിര്‍മോഹി അഖാലയും കോടതിയെ സമീപിച്ചു. തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ പള്ളി പൂട്ടി. രാമജന്മ ഭൂമി ന്യാസ് മേധാവി മഹന്ത് പരമഹംസ രാമചന്ദ്ര ദാസ് മറ്റൊരു ഹര്‍ജിയും സമര്‍പ്പിച്ചു.

1984ലാണ് വിശ്വഹിന്ദു പരിഷത്ത് അയോധ്യ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ബിജെപി നേതാവ് എല്‍കെ അദ്വാനി രാമജന്മ ഭൂമി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്കെത്തിയതോടെയാണ് രാജ്യവ്യാപക പ്രചാരണം ശക്തിപ്പെടുത്തിയത്. ബാബറി മസ്ജിദ് പൊളിച്ചുനീക്കി അവിടെ രാമക്ഷേത്രം പണിയണമെന്നായിരുന്നു പ്രചാരണം. ബിജെപിയുടെ അതിവേഗ വളര്‍ച്ചയും ഇതോടൊപ്പമുണ്ടായി.

1986ല്‍ ഫൈസാബാദ് കോടതി ജഡ്ജി ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ പള്ളി തുറന്നു കൊടുക്കാന്‍ ഉത്തരവിട്ടു. 1989 നവംബറില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അയോധ്യയില്‍ ശിലാന്യാസത്തിന് വിഎച്ച്പിക്ക് അനുമതി നല്‍കി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു രാജീവ് ഗാന്ധിയുടെ നീക്കം. അക്കാലത്ത് ഹിന്ദുത്വ ശക്തികളുടെ പ്രവര്‍ത്തനം സജീവമായിരുന്നു.

ബാബറി മസ്ജിദ് തകര്‍ക്കാന്‍ ആദ്യ ശ്രമം നടന്നത് 1990ലാണ്്. എല്‍കെ അദ്വാനി രഥയാത്ര നടത്തി രാജ്യത്തുടനീളം രാമക്ഷേത്ര പ്രചാരണം നടത്തിയിരുന്നു. മുലായം സിങ് യാദവ് സര്‍ക്കാരായിരുന്നു യുപി ഭരിച്ചത്. കേന്ദ്രത്തില്‍ ജനതാദള്‍ സര്‍ക്കാരും. ഹിന്ദുത്വ സംഘടനകള്‍ ബാബറി മസ്ജിദിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചു. വെടിവയ്ക്കാന്‍ മുലായം സര്‍ക്കാര്‍ ഉത്തരവിട്ടു. 1990 ഒക്ടോബര്‍ 30ന് നടന്ന ആ സംഭവത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ രേഖകള്‍.

1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്തത്. താല്‍ക്കാലിക ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. രണ്ടു കേസുകള്‍ അന്ന് തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കവര്‍ച്ച, അക്രമം, കലാപം, ആരാധനാലയം തകര്‍ക്കല്‍, ശത്രുത വളര്‍ത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ആയിരക്കണക്കിന് കര്‍സേവകര്‍ക്കെതിരെ ആയിരുന്നു ഒരു കേസ്. ബിജെപി, വിഎച്ച്പി, ബജ്റംഗ്ദള്‍, ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ആയിരുന്നു വിദ്വേഷ പ്രസംഗം നടത്തിയതിനുള്ള രണ്ടാമത്തെ കേസ്.

എല്‍കെ അദ്വാനി, അശോക് സിംഗാള്‍, വിനയ് കത്യാര്‍, ഉമാ ഭാരതി, സാധ്വി റിതംബരസ മുരളി മനോഹര്‍ ജോഷി, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ തുടങ്ങി എട്ട് പേര്‍ക്കെതിരെയാണ് കേസ്. ഇതില്‍ അശോക് സിംഗാളും ഗിരിരാജ് കിഷോറും മരിച്ചു. പള്ളി പൊളിച്ച 10 ദിവസം കഴിഞ്ഞപ്പോള്‍ പഞ്ചാബ് ഹൈക്കോടതി ജഡ്ജി എംഎസ് ലിബര്‍ഹാനെ കേസ് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് നിയോഗിച്ചു. ലിബര്‍ഹാന്‍ കമ്മീഷനോട് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അതൊന്നും നടന്നില്ല. 48 തവണ കമ്മീഷന് സമയം നീട്ടി നല്‍കി. എട്ട് കോടി കമ്മീഷന്റെ പ്രവര്‍ത്തനത്തിന് വേണ്ടി ചെലവഴിച്ചു. 17 വര്‍ഷത്തിലധികം കഴിഞ്ഞ ശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അയോധ്യ സംഭവത്തിലെ വിചാരണയ്ക്ക് ലളിത്പൂരില്‍ പ്രത്യേക കോടതി സജീകരിച്ചു. പിന്നീട് ഈ കോടതി ലഖ്നൗവിലേക്ക് മാറ്റി. രണ്ട് കേസുകളില്‍ ഒന്ന് അന്വേശിച്ചത് സിബിഐ ആണ്. ഈ കേസാണ് ലഖ്നൗവിലെ കോടതിയിലുണ്ടായിരുന്നത്. മറ്റൊന്ന് റായ്ബറേലി കോതിയിലാണ് വിചാരണ ചെയ്തത്. ഈ കേസ് അന്വേഷിച്ചത് യുപി പൊലീസിലെ സിഐഡിയാണ്. ലഖ്നൗവിലെ കേസില്‍ കുറ്റകരമായ ഗൂഢാലോചന എന്ന വകുപ്പ് കൂടി ചേര്‍ത്തു.

1993 ഒക്ടോബര്‍ 5ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടു കേസുകളിലും കൂടി ഉള്‍പ്പെടുത്തിയായിരുന്നു കുറ്റപത്രം. കൂടുതല്‍ പേരുകള്‍ കുറ്റപത്രത്തിലുണ്ടായിരുന്നു. ശിവസേന നേതാവ് ബാല്‍ താക്കറെ, യുപി മുഖ്യമന്ത്രിയയായിരുന്നു കല്യാണ്‍ സിങ്, ചമ്പത് രാജ് ബന്‍സാല്‍, ധരം ദാസ്, മഹന്ദ് നൃത്യ ഗോപാല്‍ ദാസ് തുടങ്ങിയ ചിലരുടെ പേരുകളാണ് കുറ്റപത്രത്തില്‍ ചേര്‍ത്തത്.

പള്ളി പൊളിക്കുന്നതിന് തലേന്ന് ബജ്റംഗ്ദള്‍ നേതാവ് വിനയ് കത്യാരുടെ വീട്ടില്‍ രഹസ്യയോഗം നടന്നിരുന്നുവെന്നും ഗൂഢാലോചന നടത്തിയെന്നു സിബിഐ കണ്ടെത്തി. ഈ യോഗമാണ് പള്ളി പൊളിക്കാന്‍ തീരുമാനിച്ചത്. അദ്വാനിയുള്‍പ്പെടെയുള്ള എട്ട് പേര്‍ യോഗത്തില്‍ സംബന്ധിച്ചു എന്നും സിബിഐ കണ്ടെത്തി. 1993ല്‍ രണ്ടു കേസുകളും ഒന്നാക്കി വിചാരണ ചെയ്യാന്‍ യുപി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

കേസിലെ എല്ലാ പ്രമുഖരായ പ്രതികളും ഗൂഢാലോചനയില്‍ പങ്കാളികളായി എന്ന് 1996ല്‍ ലഖ്നൗ കോടതി വിലയിരുത്തി. എല്ലാ പ്രതികള്‍ക്കെതിരെയും ഗൂഢാലോചന വകുപ്പ് ചുമത്തുകയും ചെയ്തു. എന്നാല്‍ റായ്ബറേലി കോടതി അദ്വാനിക്കെതിരായ ഗൂഢാലോചന കുറ്റം ഒഴിവാക്കി. നിയമ തടസങ്ങള്‍ കാരണം വിചാരണ വൈകി. വിചാരണ പുനരാരംഭിക്കാന്‍ 2005ല്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു. 2007ലാണ് ആദ്യ സാക്ഷിയെ വിസ്തരിച്ചത്.

17 വര്‍ഷത്തിന് ശേഷം 2009ല്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപ്പോഴേക്കും കേന്ദ്രത്തിലും യുപിയിലും പല സര്‍ക്കാരുകള്‍ മാറിയിരുന്നു. സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ കാര്യമായ കണ്ടെത്തലുകള്‍ക്ക് കമ്മീഷന് സാധിച്ചില്ല. അതിനിടെ 2001ല്‍ വിചാരണ കോടതി രണ്ടു കേസുകളും വ്യത്യസ്തമായി വിചാരണ ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി 2010ല്‍ ഹൈക്കോടതി തള്ളി.

വിചാരണ കോടതിയിലും ഹൈക്കോടതിയിലുമായി കേസ് ഏറെ കാലം കുടുങ്ങിക്കിടന്നു. 2011ല്‍ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. പുതിയ വിചാരണ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. 2017ല്‍ സുപ്രീംകോടതി സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചു. രണ്ടു കേസുകളും ഒന്നാക്കി ലഖ്നൗ കോടതിയില്‍ വിചാരണ ചെയ്യണം. പ്രതികള്‍ക്കെതിരെ ഗൂഢാലോചന വകുപ്പ് ചുമത്തണം എന്നിവയായിരുന്നു ഉത്തരവ്.

കേസിലെ 32 പ്രതികളാണ് നിലവില്‍ ജീവിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. 2019 ഏപ്രിലില്‍ വിചാരണ പൂര്‍ത്തിയാകേണ്ടതായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ വരെയും പിന്നീട് ആഗസ്റ്റ് 31 വരെയും നീട്ടി. ഏറ്റവും ഒടുവില്‍ സെപ്തംബര്‍ 30ന് വിധി പ്രസ്താവിക്കാന്‍ സുപ്രീംകോടതി വിചാരണ കോടതിയോട് നിര്‍ദേശിക്കുകയായിരുന്നു.

Top