ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : ബാബറി മസ്ജിദ് ഭൂമിതര്‍ക്ക കേസ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നു പരിഗണിക്കും. അന്തിമവാദം എന്ന് മുതല്‍ കേള്‍ക്കണമെന്നത് ഇന്ന് തീരുമാനിച്ചേക്കും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ.ബോബ്‌ഡെ, ഡി.വൈ.ചന്ദ്രചൂഡ്,അശോക് ഭൂഷണ്‍,എസ്.അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ടതാണു ബെഞ്ച്.

അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30നു നല്‍കിയ വിധിക്കെതിരെയുള്ള അപ്പീലുകളാണു കോടതിയുടെ പരിഗണനയിലുള്ളത്.

ഈ ഭൂമിക്ക് ചുറ്റുമായി പല ഘട്ടങ്ങളിലായി ഏറ്റടുത്ത 67 ഏക്കര്‍ സ്ഥലം വി.എച്ച്.പി അടക്കമുള്ള ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനക്ക് വരും. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമിയോട് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് നിര്‍ദേശിച്ചിരുന്നു.

ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് പ്രാര്‍ത്ഥനക്ക് അനുവാദം നല്‍കണം എന്നാണ് സുബ്രഹ്മണ്യ സ്വമിയുടെ ആവശ്യം. ജനുവരി 29 ന് കേസ് പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ജസ്റ്റിസ് ബോബ്‌ഡെ അവധി ആയതോടെ മാറ്റി വയ്ക്കുകയായിരുന്നു.

Top