ബാബറി മസ്ജിദ് കേസില്‍ നാളെ കോടതി വിധി

ബാബറി മസ്ജിദ് കേസില്‍ നാളെ ലഖ്നൗവിലെ കോടതി വിധി. അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിന് പിന്നാലെയാണ് സിബിഐ കോടതി നാളെ വിധി പറയുന്നത്. എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്വാര്‍, സാധ്വി റിതമ്പര അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് പ്രധാന പ്രതികള്‍. പ്രത്യേക സിബിഐ കോടതി വിചാരണ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 30നകം വിധി പ്രസ്താവിക്കണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍ പൂര്‍ത്തിയായത്.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് അവസരമൊരുക്കിയവരെ പാര്‍ട്ടി അവഗണിക്കുന്നു എന്ന പരാതി ബിജെപിയിലെ ഒരു വിഭാഗം കാലങ്ങളായി ഉന്നയിക്കുന്നുണ്ട്. 32 പേരാണ് സിബിഐ തയ്യാറാക്കിയ കുറ്റപത്രം അനുസരിച്ച് പ്രതികള്‍. ഇവര്‍ എല്ലാവരും തന്നെ വിചാരണയും നേരിട്ടു. അയോധ്യ വിഷയത്തിലെ സിബിഐ കേസില്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി സുരക്ഷാ മുന്‍ കരുതല്‍ ശക്തമാക്കി. കരുതല്‍ തടങ്കലിന് അടക്കം നിര്‍ദേശമുണ്ട്. വിധി കേള്‍ക്കാന്‍ അഡ്വാനി അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ കൊവിഡ് പശ്ചാത്തലത്തില്‍ കോടതിയില്‍ എത്തില്ല.

Top