20 വർഷത്തിന് ശേഷം പാക്കിസ്താന് ആസ്‌ട്രേലിയക്കെതിരെ പരമ്പര വിജയം

മൂന്നാം ഏകദിനത്തിൽ സെഞ്ച്വറിയുമായി ക്യാപ്റ്റൻ ബാബർ അസമും അർധ സെഞ്ച്വറിയുമായി ഇമാമുൽ ഹഖും തിളങ്ങിയതോടെ 20 വർഷത്തിന് ശേഷം പാക്കിസ്താന് ആസ്‌ട്രേലിയക്കെതിരെ പരമ്പര വിജയം. 2002 ൽ പരമ്പര നേടിയ ശേഷം പിന്നീട് നേട്ടം കൊയ്യാനാകാതിരുന്ന പാകിസ്താൻ ഒമ്പത് വിക്കറ്റിനാണ് അവസാന ഏകദിനത്തിൽ ജയിച്ചത്. 24 കൊല്ലത്തിന് ശേഷം പാകിസ്താനിൽ കളിക്കാനെത്തിയ ആസ്‌ട്രേലിയയെ ഗദ്ദാഫി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 201 റൺസിലൊതുക്കുകയായിരുന്നു ആതിഥേയർ. എന്നാൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 37.5 ഓവറിൽ പാക് ടീം ലക്ഷ്യം കണ്ടു. ബാബർ അസം 105 ഉം ഇമാമുൽ ഹഖ് 89 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. 17 റൺസെടുത്ത ഓപ്പണർ ഫഖർ സമാന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്.

ബോളിങിൽ ഹാരിസ് റൗഫ്, മുഹമ്മദ് വാസിം എന്നിവർ മൂന്നും ഷഹീൻ അഫ്രീദി രണ്ടും വിക്കറ്റ് നേടി. ഇനി ഒരു ടി20 മത്സരമാണ് നടക്കാനുള്ളത്. ചൊവ്വാഴ്ച ലാഹോറിലാണ് മത്സരം.

Top