പാകിസ്താന്‍ യുവതാരം ബാബര്‍ അസമിനെ പുകഴ്ത്തി ടോം മൂഡി

കാന്‍ബറ: അടുത്ത അഞ്ചോ പത്തോ വര്‍ഷത്തിനിടെ മുന്‍നിര താരങ്ങള്‍ക്കിടയിലായിരിക്കും ബാബര്‍ അസമിന്റെ സ്ഥാനമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം ടോം മൂഡി. ജൂനിയര്‍ ക്രിക്കറ്റിലുടെ വരവറിയിച്ച ആസമിനെ അടുത്ത താരമെന്ന് പലരും ഇതിനോടകം വിശേഷിപ്പിച്ചു കഴിഞ്ഞു. ഇതു ശരി വച്ചു കൊണ്ടാണ് മൂഡിയും പ്രശംസ കൊണ്ട് മൂടിയത്. അസമിന്റെ ബാറ്റിങ് കാണുന്നതിനേക്കാള്‍ മനോഹരമായി മറ്റൊന്നുണ്ടെന്നു തനിക്കു തോന്നുന്നില്ലെന്നാണ് മൂഡി പറയുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി മനോഹരമായിട്ടാണ് ബാറ്റ് ചെയ്യുന്നതെന്നുളളതില്‍ സംശയമൊന്നുമില്ല. എന്നാല്‍ കോഹ്‌ലി മാത്രമാണ് ഭംഗിയായി കളിക്കുന്നതെന്ന് നിങ്ങള്‍ കരുതരുത്. അസമിനെ നോക്കൂ. എന്ത് ചന്തമാണ് അയാളുടെ ഓരോ ഷോട്ടുകള്‍ക്കും. അടുത്ത അഞ്ചോ പത്തോ വര്‍ഷത്തിനിടെ ലോകോത്തര താരങ്ങളുടെ പട്ടികയില്‍ അസമിന്റെ പേരുണ്ടാവും.

അസം ഒരു സാധാരണതാരം മാത്രമാണെന്ന് നിങ്ങള്‍ക്കിപ്പോള്‍ തോന്നിയേക്കാം. അതിന്റെ കാരണം ഭൂരിഭാഗം മത്സരങ്ങളും കളിച്ചത് നാട്ടിലാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിക്കാം. നിലവില്‍ ആസമിന്റെ ബാറ്റിങ് പ്രകടനം പരിശോധിച്ചാല്‍ അസമിനെ ഫാബ് ഫോറില്‍ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടാണ്. എന്നാല്‍ അടുത്ത അഞ്ചോ, പത്തോ വര്‍ഷത്തിനിടെ അസം തീര്‍ച്ചയായും ആദ്യ അഞ്ചിലുണ്ടാവുമെന്നും മൂഡി പറഞ്ഞു.

പാകിസ്ഥാനായി 26 ടെസ്റ്റ് കളിച്ചിട്ടുള്ള ബാബര്‍ അസം ഇതുവരെ 45.12 ശരാശരിയില്‍ 1850 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടും. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് അസം.

Top