ഐപിഎല്‍ സ്‌പോണ്‍സറാകാന്‍ ബാബാ രാംദേവിന്റെ പതഞ്ജലിയോ?

സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കാനിരിക്കുന്ന ഐ.പി.എല്ലിന്റെ പ്രധാന സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നു ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോ പിന്‍മാറിയത് ബി.സി.സി.ഐയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

എന്നാല്‍, സപോണ്‍സറെ തേടിയുള്ള ബി.സി.സി.ഐയുടെ അന്വേഷണം പുരോഗമിക്കവേ സ്പോണ്‍സര്‍ഷിപ്പിനായി ബാബാ രാംദേവിന്റെ പതഞ്ജലിയും രംഗത്ത് വന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. ‘ഈ വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന കാര്യം ഞങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്. അതുവഴി ആഗോള വിപണിയില്‍ പതഞ്ജലിക്ക് മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.’ പതഞ്ജലി വക്താവ് വ്യക്തമാക്കി.

നേരത്തെ, സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്‍മാറിയത് കാര്യമാക്കേണ്ടതില്ലെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

‘ഇതിനെ സാമ്പത്തിക പ്രതിസന്ധി എന്നൊന്നും വിളിക്കാന്‍ പറ്റില്ല. സ്ഥിരം പാതയില്‍ നിന്നുള്ള നേരിയ വ്യതിയാനം മാത്രമാണിത്. ബിസിസിഐ വളരെ കെട്ടുറപ്പുള്ളൊരു പ്രസ്ഥാനമാണ്. ഇത്തരം ചെറിയ പ്രശ്‌നങ്ങള്‍ അനായാസം മറികടക്കാന്‍ ബിസിസിഐയ്ക്ക് കഴിയും.

ഒരു വഴി അടഞ്ഞാല്‍ മറ്റു വഴികള്‍ തുറക്കുക എന്നതാണ് പ്രധാനം. അതായത് പ്ലാന്‍ എ പാളിയാല്‍ പ്ലാന്‍ ബി ഉള്ളതുപോലെ. വിവരമുള്ളവര്‍ ഈ രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുക. വലിയ നേട്ടങ്ങള്‍ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ കൈവരുന്നതല്ല. നീണ്ട കാലത്തെ തയാറെടുപ്പുകള്‍ ചെറിയ നഷ്ടങ്ങള്‍ സഹിക്കാനും നമ്മെ പ്രാപ്തരാക്കും.’ ഗാംഗുലി പറഞ്ഞു.

Top