അലോപ്പതിക്കെതിരായ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ബാബാ രാംദേവ്

baba ramdev

ന്യൂഡല്‍ഹി: അലോപ്പതി ചികിത്സാരീതിക്കെതിരായ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് യോഗ ഗുരു ബാബാ രാംദേവ്. പരാമര്‍ശങ്ങള്‍ വിവാദമായതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധനും രാംദേവിനെതിരെ രംഗത്തെത്തിയിരുന്നു. പരാമര്‍ശം പിന്‍വലിക്കണമെന്ന് ഹര്‍ഷ വര്‍ദ്ധന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാംദേവ് പരാമര്‍ശം പിന്‍വലിച്ചത്.

അലോപ്പതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചുവെന്നും ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണ് അതെന്നും അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ രാംദേവ് പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

‘ഡോ.ഹര്‍ഷ വര്‍ദ്ധന്‍ താങ്കളുടെ കത്ത് ലഭിച്ചു. ഈ സാഹചര്യത്തില്‍ വ്യത്യസ്ത ചികിത്സാ രീതികളെ കുറിച്ചുള്ള മുഴുവന്‍ വിവാദങ്ങളും അവസാനിപ്പിക്കാന്‍ ഖേദത്തോടെ ഞാന്‍ എന്റെ പ്രസ്താവന പിന്‍വലിക്കുകയാണ്’ ബാബ രാംദേവ് ട്വീറ്റ് ചെയ്തു. അതേ സമയം പ്രസ്താവന പിന്‍വലിച്ച് തൊട്ടുപിന്നാലെ രാംദേവിന്റെ ഒരു റീട്വീറ്റും ശ്രദ്ധേയമായി.’

‘യോഗയും ആയുര്‍വേദവും ആരോഗ്യത്തെ സമര്‍ത്ഥമാക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന് പരിമധികളുണ്ട്. അത് രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയേ നല്‍കുന്നുള്ളൂ. അതേ സമയം യോഗയും ആയുര്‍വേദവും വ്യവസ്ഥാപരമായ ചികിത്സ നല്‍കുന്നു’ രാംദേവ് റീട്വീറ്റ് ചെയ്ത പോസ്റ്റില്‍ പറയുന്നു.

 

Top