കുംഭമേളയെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് ബാബ രാംദേവ്

ന്യൂഡല്‍ഹി: രാജ്യത്തിലുണ്ടായ കോവിഡ് വ്യാപനത്തിന്റെ പേരില്‍ കുംഭമേളയെ വിമര്‍ശിക്കുന്നതിനെതിരെ ബാബാ രാംദേവ്. കുംഭമേളയെയും ഹിന്ദുമതത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ബാബാ രാംദേവ് കുറ്റപ്പെടുത്തി. കുംഭമേളയെയും ഹിന്ദുമതത്തെയും വിമര്‍ശിക്കുന്നത് കുറ്റമാണെന്നും ‘രാഷ്ട്രീയം പറയാം, എന്നാല്‍ ഹിന്ദുമതത്തെ അപഹസിക്കരുത്. ഈ രാജ്യം ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ വിമര്‍ശനം നടത്തുന്നവരെ ബഹിഷ്‌കരിക്കുകയും എതിര്‍ക്കുകയും വേണമെന്നും ബാബാ രാംദേവ് കൂട്ടി ചേര്‍ത്തു.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിതീവ്രമായ പശ്ചാത്തലത്തില്‍ കുംഭമേള നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ചടങ്ങില്‍ ആളുകള്‍ കൂട്ടത്തോടെ പങ്കെടുത്തത് കോവിഡ് വ്യാപനം രൂക്ഷമാക്കാന്‍ കാരണമായെന്നും നിരവധിപ്പേര്‍ക്ക് കോവിഡ് ബാധിച്ചതായുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുംഭമേളയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി ബാബാ രാംദേവ് രംഗത്തുവന്നത്.

 

Top