യുട്യൂബര്‍ ഗൌരവ് വാസനെതിരെ പരാതിയുമായി വൃദ്ധ ദമ്പതികള്‍

ന്യൂഡൽഹി : യുട്യൂബര്‍ ഗൌരവ് വാസനെതിരെ പൊലീസില്‍ പരാതിയുമായി ബാബാ കാ ദാബ നടത്തുന്ന വൃദ്ധ ദമ്പതികള്‍. എണ്‍പതുകാരനായ കാന്ത പ്രസാദാണ് പരാതിക്കാരന്‍. തെക്കന്‍ ദില്ലിയില്‍ ബാബാ കാ ദാബ എന്ന തെരുവോര ഭക്ഷണശാല നടത്തിയിരുന്ന ഇവരുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നാണ് പരാതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കച്ചവടമില്ലാതെ വലഞ്ഞ ബാബാ കാ ദാബയേക്കുറിച്ചും കട നടത്തുന്ന വൃദ്ധ ദമ്പതികളുടെ കഷ്ടപ്പാടിനേക്കുറിച്ചും ഗൌരവ് വാസൻ വീഡിയോ എടുത്തിരുന്നു.

ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ കണ്ട് നിരവധിയാളുകൾ സഹായിക്കാനായി എത്തുകയും ചെയ്തിരുന്നു. ഒക്ടോബർ 7നാണ് ഗൌരവ് വാസൻ വീഡിയോ എടുത്തിരുന്നത്. അതിനുശേഷം ഈ വീഡിയോ കണ്ട് ഒരുപാടാളുകൾ കടയിലേക്ക് വരികയും ചെയ്തു. ഇവരെ സഹായിക്കണമെന്ന പേരില്‍ അഭ്യര്‍ത്ഥന നടത്തിയ യുട്യൂബര്‍ ആളുകളില്‍ നിന്ന് ലഭിച്ച പണം തട്ടിയെന്നാണ് പരാതി. രണ്ട് ലക്ഷം രൂപയുടെ ചെക്ക് യുട്യൂബര്‍ ഇവര്‍ക്ക് നേരത്തെ നല്‍കിയിരുന്നു.എന്നാല്‍ വൃദ്ധ ദമ്പതികളുടെ പേരില്‍ പണം തട്ടിയെന്ന ആരോപണം വാസന്‍ നിഷേധിച്ചു.

വീഡിയോ വൈറലായതോടെ കടയില്‍ വരുന്നവര്‍ സെല്‍ഫിയെടുക്കാനാണ് വരുന്നതെന്നാണ് കാന്ത പ്രസാദ് പറയുന്നത്. അതേസമയം വീഡിയോ എടുക്കുന്ന സമയത്ത് വൈറലാവുമെന്ന് അറിയുക കൂടിയില്ലായിരുന്നു. ആളുകള്‍ കാന്ത പ്രസാദിനോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലായിരുന്നു അതിനാലാണ് തന്‍റെ ബാങ്കുവിവരങ്ങള്‍ നല്‍കിയതെന്നാണ് വാസന്‍ പറയുന്നത്. അവരുടെ പേരില്‍ സ്വരൂപിച്ച പണം മുഴുവന്‍ വൃദ്ധ ദമ്പതികള്‍ക്ക് നല്‍കിയെന്നും വാസന്‍ പറയുന്നത്.

Top