ബാഹുബലി നായകന്റെ ഗസ്റ്റ് ഹൗസ് സർക്കാർ പിടിച്ചെടുത്തു !

ഹൈദദരബാദ്: ബാഹുബലി താരം പ്രഭാസിന്റെ ഹൈദരാബാദിലെ ഗസ്റ്റ് ഹൗസ് സര്‍ക്കാര്‍ പിടിച്ചെടുത്ത് സീല്‍ ചെയ്തു. ഹൈദരാബാദിലെ റായദുര്‍ഗാം മേഖലയിലുള്ള ഗസ്റ്റ് ഹൗസാണ് റവന്യൂ ഉദ്യോഗസ്ഥരെത്തി പിടിച്ചെടുത്തത്.

സര്‍ക്കാര്‍ ഭൂമിയിലാണ് പ്രഭാസ് ഗസ്റ്റ് ഹൗസ്‌ നിര്‍മിച്ചതെന്നും ഇതാണ് നടപടിക്ക് കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി. സെരിലിംഗംപള്ളി തഹസില്‍ദാര്‍ വസുചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു നടപടി.

സര്‍ക്കാരും സ്വകാര്യ വ്യക്തികളും തമ്മില്‍ 84.3 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഭൂമി തര്‍ക്കത്തില്‍ അനുകൂല വിധിക്കായി ഇരുകൂട്ടരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. മൂന്നു മാസം മുമ്പ് ഈ മേഖല മുഴുവനും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് സുപ്രിംകോടതി വിധി പ്രഖ്യാപിച്ചു.

ഇതേത്തുടര്‍ന്ന് അനധികൃതമായി കൈവശംവച്ചിരിക്കുന്ന ഭൂമിയിലെ നിര്‍മാണങ്ങള്‍ ഇടിച്ചുനിരത്തി പിടിച്ചെടുക്കുന്ന നടപടി അധികൃതര്‍ തുടങ്ങിയത്. പ്രഭാസിന്റെ ഗസ്റ്റ് ഹൗസും ഇതേ മേഖലയിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഗസ്റ്റ് ഹൗസില്‍ ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ ഗസ്റ്റ് ഹൗസ്‌ അടച്ചുപൂട്ടി മുദ്രവെക്കുകയായിരുന്നു. സംഭവത്തോട് പ്രഭാസും കുടുംബവും പ്രതികരിച്ചിട്ടില്ല.

Top