കോണ്‍ഗ്രസ് പറയുന്നത് കള്ളം, ജോജു വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് ബി ഉണ്ണികൃഷ്ണന്‍

കൊച്ചി: ഒടിടി പ്ലാറ്റ് ഫോമില്‍ മലയാളം സിനിമകള്‍ റിലീസ് ചെയ്യുന്നത് സ്വാഗതം ചെയ്ത് ഫെഫ്ക. സിനിമ മേഖലയിലെ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ ഒടിടി റിലീസിംഗ് സഹായിക്കുമെന്നും, കൊവിഡിന് ശേഷം മലയാള സിനിമ വീണ്ടും കൂടുതല്‍ സജീവമായെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മാത്രമല്ല, ജോജു വിഷയത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് നിന്നിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ നടന്‍ ജോജു ജോര്‍ജ്ജിന്റെ കാറു തകര്‍ത്ത സംഭവത്തില്‍ ഒത്തുതീര്‍പ്പ് അട്ടിമറിച്ചത് താനല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം, ബി ഉണ്ണിക്കൃഷ്ണനെതിരെ പ്രതിഷേധം ഉയര്‍ന്നതില്‍ ഫെഫ്ക പ്രമേയം പാസ്സാക്കി.

നേരത്തെ, പ്രതിക്ഷ നേതാവ് വി.ഡി സതീശന് ഫെഫ്ക ഇതേ വിഷയത്തില്‍ കത്തയച്ചിരുന്നു. സമവായ ചര്‍ച്ചകള്‍ അട്ടിമറിച്ചത് ബി.ഉണ്ണികൃഷ്ണനാണെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. തുടര്‍ന്നാണ് ഫെഫ്ക ഔദ്യോഗികമായി കത്തയച്ചത്.

സിനിമാ ലൊക്കേഷനുകളില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളില്‍ ഇടപെടണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയുടെ ലൊക്കേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയിരുന്നു. ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നായിരുന്നു ഫെഫ്കയുടെ ഇടപെടല്‍.

Top