ബി.ടെക് പരീക്ഷ ഓണ്‍ലൈനായി നടത്തണം; വിദ്യാര്‍ത്ഥികളോട് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ബി. ടെക് പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന കേരള സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ ഇടപെടാതെ സുപ്രീംകോടതി. കേരള ഹൈക്കോടതിയെ സമീപിക്കാന്‍ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. സമാന ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് നടപടി.

പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ റിട്ട് ഹര്‍ജിയാണ് നല്‍കിയിരിക്കുന്നത്. ഓഫ്‌ലൈനായി പരീക്ഷകള്‍ നടത്തുമെന്ന സാങ്കേതിക സര്‍വകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അന്യസംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളും കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളില്‍ പഠിക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ പറഞ്ഞു. തങ്ങളുടെ ജീവന്‍ വച്ച് കളിക്കരുതെന്നും, മൗലികാവകാശം സംരക്ഷിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ ഈ ഹര്‍ജിയില്‍ കോടതി ഇടപെട്ടില്ല. സുപ്രീംകോടതി നിലപാടിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഹര്‍ജികള്‍ പിന്‍വലിച്ചു.

 

Top