ലോയയുടെ മരണം: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

dipak-misra

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറിയ സാഹചര്യത്തിലാണ് ബെഞ്ച് മാറ്റം. തിങ്കളാഴ്ചയാണ് കേസ് പരിഗണിക്കും.

അരുണ്‍ മിശ്രയും ജസ്റ്റിസ് മോഹന്‍ എം.ശാന്തനഗൗഡറും ഉള്‍പ്പെട്ട ബെഞ്ചാണ് ഇതുവരെ ലോയ കേസ് പരിഗണിച്ചിരുന്നത്. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയില്‍ പത്താമനാണ് അരുണ്‍ മിശ്ര.

ലോയ കേസ് ജൂനിയറായ അരുണ്‍ മിശ്രയുടെ ബെഞ്ചിന് നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് പരിഗണിക്കുന്ന ബെഞ്ചില്‍നിന്ന് അരുണ്‍ മിശ്ര പിന്‍മാറിയത്.

കേസുകള്‍ പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതായി ചൂണ്ടിക്കാട്ടി മുതിര്‍ന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി.ലോക്കൂര്‍, രഞ്ജന്‍ ഗൊഗോയ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ച് പരസ്യമായി പ്രതിഷേധിച്ചത്.

Top