കോണ്‍ഗ്രസ് മുക്ത കേരളം സാധ്യമാകണമെന്ന് ബി ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: കേരളം ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണാകുകയാണെന്ന് ബി.ജെ.പി. നേതാവ് ബി.ഗോപാലകൃഷ്ണന്‍. ഉഴുത് മറിക്കേണ്ട സമയത്ത് വടവൃക്ഷങ്ങള്‍ പിഴുതെറിയപ്പെടാം. കോണ്‍ഗ്രസ്സ് മുക്ത ഭാരതത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സ് മുക്ത കേരളവും സാദ്ധ്യമാകണം. അതിന്റെ അര്‍ത്ഥം കമ്മൂണിസ്റ്റ് അമുക്ത കേരളമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതും ഇടതുപക്ഷ രാഷ്ട്രീയം ഇല്ലാതാക്കുന്നതും മാത്രമാണ് കേരളത്തിലെ ബി.ജെ.പിയുടെ പ്രഥമ കര്‍ത്തവ്യമെന്ന് കരുതുന്നവര്‍ ബി.ജെ.പിയുടെ അകത്തും പുറത്തുമുണ്ട്. പലപ്പോഴും സാഹചര്യങ്ങള്‍ ഈ നിലപാടിനെ ശരിവെക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ബി.ജെ.പിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് അല്‍പ്പം അമാന്തുണ്ടായത്.

രാഷ്ട്രീയമായി കോണ്‍ഗ്രസ്സിനേയും പ്രത്യയശാസ്ത്രപരമായി ഇടതുപക്ഷത്തേയും കീഴ്പ്പടുത്തണം. രണ്ട് പേരേയും രാഷ്ട്രീയമായി ഒരുമിച്ച് കീഴ്‌പ്പെടുത്താന്‍ കഴിയണമെന്നില്ല. എന്നാല്‍ ഉഴുത് മറിക്കുമ്പോള്‍ വന്‍ മരങ്ങളെ കടപുഴകി എറിയാന്‍ കഴിയും.

തില്ലങ്കരി മോഡല്‍ മാത്രമല്ല ത്രിപുര മോഡലും പരീക്ഷിക്കേണ്ടിയിരിക്കുന്നു. പലപ്പോഴും ഇടത് വിരുദ്ധത കോണ്‍ഗ്രസ്സിന് അനുകൂലമായി ഭവിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഒരു സംഘടനയുടെ മൂന്ന് ഘട്ടങ്ങള്‍ അവഗണനയും, അക്രമവും, അംഗീകാരവുമാണ്. ആദ്യത്തെ രണ്ട് ഘട്ടങ്ങളിലും അങ്ങനെ സംഭവിച്ചത് സ്വാഭാവികമാണ്, ഇന്ന് അംഗീകാരത്തിന്റെ അവസ്ഥയിലാണ് ബി.ജെ.പി. മൂന്നാം സ്ഥാനക്കാരന് ഒന്നാം സ്ഥാനത്ത് എത്താന്‍ രണ്ടാം സ്ഥാനക്കാരനെ തോല്‍പ്പിച്ചെ മതിയാവുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 

Top