അരിവാള്‍ ഇലയില്‍ വീണാലും ഇല അരിവാളില്‍ വീണാലും മുറിയുന്നത് രണ്ടില; ബി.ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: കേരള കോണ്‍ഗ്രസ് എം വിഭാഗം ഇടതു മുന്നണിയോട് ചേര്‍ന്നതില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍. വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ സിപിഎം മാമ്മോദീസ മുക്കിയതായി അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ച് കെ.എം മാണിയുടെ മുന്‍പില്‍ വീരപ്പനെ കൊണ്ട് വെറ്റിലയും അടക്കയും സമര്‍പ്പിച്ച് കെ.എം മാണിക്ക് സമര്‍പ്പിച്ച വിരപ്പന്‍ പട്ടം ജോസ് മോന്റെ കയ്യില്‍ നിന്നും മേടിച്ച് വീരപ്പന്റെ കുടുംബത്തിന് തിരിച്ച് കൊടുക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

അല്ലെങ്കില്‍ വീരപ്പനോട് ചെയ്യുന്ന വഞ്ചനയാണ്. വീരപ്പന്റെ ആത്മാവ് പൊറുക്കില്ല. കമ്മൂണിസ്റ്റ് വര്‍ഗ്ഗ സംഘര്‍ഷ വിപ്ലവത്തില്‍ മാമോദീസ മുക്കിയതോടെ കെ.എം മാണിയും മകനും വിശുദ്ധ പട്ടത്തിനര്‍ഹരായി. അവര്‍ക്ക് ചേരുന്നതല്ല വീരപ്പന്‍ പട്ടം. അരിവാള്‍ നെല്‍ക്കതിരിനും ചുറ്റികയ്ക്കും പകരം അരിവാള്‍ രണ്ടിലയായി കമ്മ്യൂണിസ്റ്റ് ചിഹ്നവും മാറ്റാം. നികൃഷ്ടജീവികളെ ജോസ് മോനെ കൊണ്ട് വിശുദ്ധരുമാക്കാം. പാല പാലം വലിക്കുമൊ എന്നെ അറിയേണ്ടുള്ളു.

അരിവാള്‍ വന്ന് ഇലയില്‍ വീണാലും തണ്ടും ഇലയും അരിവാളില്‍ വീണാലും മുറിയുന്നത് രണ്ടിലയാണന്ന കാര്യം ജോസ് മോന്‍ ഓര്‍മ്മിച്ചാല്‍ നന്ന്. ഇല നുള്ളിനുള്ളി കളഞ്ഞ് കളിച്ച കൈപ്പത്തിയില്‍ നിന്ന് പിടി വിട്ട് അരിവാളിന്റെ നെഞ്ചത്ത് വീഴുന്നതും നഷ്ടം. വാസ്തവത്തില്‍ ചേരുന്നത് ഇലയും തണ്ടും താമര പൂവുമായിരുന്നു. ജോസ് മോനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കഷ്ടകാലത്ത് ബുദ്ധിയും മങ്ങുമെന്നും ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Top