മുസ്ലീംലീഗ് വൈറസല്ല, എയ്‌ഡ്‌സ്‌ ആണ്; വിവാദ പരാമര്‍ശവുമായി ബി.ഗോപാലകൃഷ്ണന്‍

കൊച്ചി: മുസ്ലീംലീഗ് വൈറസാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം വലിയ വിവാദത്തിന് വഴി വെച്ചതിന് പിന്നാലെ അതേ രീതിയില്‍ തന്നെയുള്ള പരാമര്‍ശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത്.

മുസ്ലീംലീഗ് വൈറസല്ല, എയ്‌ഡ്‌സ്‌ ആണെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. ജിന്നയുടെ പാരമ്പര്യമാണ് ലീഗിനുള്ളതെന്നും വര്‍ഗ്ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്ന ലീഗിനെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യമുന്നയിച്ചു.

കോണ്‍ഗ്രസിനെതിരെയും ഗോപാലകൃഷ്ണന്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. കോണ്‍ഗ്രസ് കള്ളന്മാരുടെ ഒളി സങ്കേതമാണെന്നും തിരുട്ട് ഗ്രാമത്തിന്റെ നേതാവാകാന്‍ പറ്റിയ ആളാണ് രാഹുല്‍ ഗാന്ധിയെന്നും രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രമാണെന്നും രാഹുല്‍ തട്ടിപ്പ് ഹിന്ദു ആണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കേരളത്തില്‍ സിപിഎം നടത്തുന്ന അറുകൊലക്ക് സാന്ത്വനം നല്‍കുന്ന നടപടി ആണ് രാഹുല്‍ ചെയ്യുന്നത്. കൊലപാതക രാഷ്ട്രീയത്തിന് മൗനാനുവാദം നല്‍കുന്ന നടപടിയാണ് രാഹുല്‍ സ്വീകരിക്കുന്നത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ചെയ്ത വഞ്ചനയാണ്. പെരിയയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറയണം. സിപിഎമ്മിനെതിരെ നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു, ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

Top