അടൂര്‍ ഗോപാലകൃഷ്ണനോട് മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം : സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനോട് മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ‘ജയ് ശ്രീറാം’ വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ഒരു പ്രതികരണത്തില്‍ ബിജെപി വക്താവായ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഇത് രാമയണമാസമാണെന്നും ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരുമെന്നും ഇതു കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും റോക്കറ്റിലേറി ബഹിരാകാശത്തേക്ക് പോകാമെന്നുമാണ് ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇത് തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തു.

പ്രതികരണം നടത്തിയതിന് അടൂരിന് അയച്ച കത്തിലൂടെയാണ് ബി ഗോപാലകൃഷ്ണന്‍ ക്ഷമ ചോദിച്ചിരിക്കുന്നത്. ഒപ്പം വാളയാറിലെ ദാരുണമായ പിഞ്ചുകുട്ടികളുടെ പീഡന സംഭവം അങ്ങയെ അറിയിക്കുവാന്‍ ഈ കത്തിലൂടെ ശ്രമിക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ബി ഗോപാലകൃഷ്ണന്‍റെ കത്തിന്‍റെ പൂര്‍ണരൂപം

അടൂർ ജിയോട് സ്നേഹപൂർവ്വം ഒരു അഭ്യർത്ഥന… അങ്ങയുടെ ഒരു പ്രസ്താവനയിൽ മനോവേദനയോടെ ഞാൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്റെ പ്രതികരണം ചർച്ചയായപ്പോൾ അത് വേണ്ടായിരുന്നു എന്ന് എന്റെ സംഘടനയിലെ മുതിർന്നവർ സൂചിപ്പിച്ചു. ശരിയാണന്ന് എനിക്കും മനസിലായി. ആയതിൽ ഖേദം നേരിട്ട് രേഖപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. സമയം കിട്ടാതെ വന്നതിനാൽ കത്തെഴുതി നേരിട്ട് താങ്കളെ അറിയിക്കുവാനാണ് ഇത് എഴുതുന്നത്. കൂട്ടത്തിൽ, വാളയാറിലെ ദാരുണമായ പിഞ്ച് കുട്ടികളുടെ പീഡന സംഭവം അങ്ങയെ അറിയിക്കുവാൻ ഈ കത്തിലൂടെ ശ്രമിക്കുകയാണ്. അങ്ങയുടെ സിനിമകൾ സാമൂഹ്യ മനസ്സാക്ഷിയെ ഏറെ ഉണർത്തുന്നതായിരുന്നു എന്ന് എപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്. അത് കൊണ്ട് തന്നെ രണ്ട് പിഞ്ച് കുട്ടികളെ ഇല്ലാതാക്കിയ പ്രതികൾ നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപെടുക എന്നത് അധാർമികവും ഉണ്ടാകാൻ പാടില്ലാത്തതുമായിരുന്നു. രക്ഷപെട്ടതല്ല രക്ഷപ്പെടുത്തിയതാണെന്ന് തെളിവുകൾ പറയുന്നു. പിഞ്ച് കുട്ടികളുടെ ശാപം കേരളീയ സമൂഹത്തിന് ഏൽക്കാതിരിക്കണമെങ്കിൽ ശക്തമായ സാമൂഹ്യ പ്രതികരണം ഉണ്ടാകണം. അങ്ങയെ പോലുള്ള കലാകാരന്മാർ ശരിക്കും പ്രതികരിക്കേണ്ട മുഹൂർത്തമാണ്. അടൂർ ജി, താങ്കളെ ഞാൻ സ്നേഹപൂർവ്വം വാളയാറിലേക്ക് ക്ഷണിക്കുന്നു. അങ്ങ് ഇവിടെ വരണം. ദുരന്തം നേരിട്ട കടുംബത്തിലെ മതാപിതാക്കളെ ആശ്വസിപ്പിക്കണം, പ്രതികരിക്കണം. എല്ലാ യാത്രാ സജ്ജീകരണങ്ങളും ഞാൻ ഒരുക്കാൻ തയ്യാറാണ്. താങ്കൾ കേരളപ്പിറവി ദിനത്തിൽ വന്നാൽ കൂടതൽ നന്നായിരിക്കും. അങ്ങയോട് മാത്രമാണ് നേരിട്ട് ഇങ്ങനെ അഭ്യർത്ഥിക്കുന്നത്. കാരണം മറ്റ് സംസ്കാരിക നായകരെപ്പോലെയല്ലല്ലൊ താങ്കൾ. അവരെല്ലാം ഉത്തരേന്ത്യയിലെ തിരക്കിലായിരിക്കും. കണ്ണുള്ള കുരുടൻമാരായി കേരളത്തില സാംസ്കാരിക നായകർ അധ:പതിച്ച് കഴിഞ്ഞതുകൊണ്ടാണ് അങ്ങയെ പോലെയുള്ളവരോട് ഈ അഭ്യർത്ഥന നടത്തുന്നത്. വാളയാറിൽ പ്രതിക്കും വാദിക്കും വേണ്ടി വാദിച്ചവർ ഒന്നായിരുന്നു എന്ന നീതി കേട് നടന്നിരിക്കുന്നു. കേസ്സ് അട്ടിമറിക്കാൻ നിയമന്ത്രിയുടെ സ്വാധീനം ഉണ്ടായിരുന്നു എന്ന് ജനങ്ങൾ പറയുന്നു. പ്രതികളുടെ സന്തത സഹചാരിയും പാലക്കാട് എംപി രാജേഷിന്റ കുടുംബവും ഒരു വീട്ടുകാരെ പോലെ കഴിഞ്ഞവരാണന്ന് പറയുന്നു. ഇവരെല്ലാം ചേർന്നാണ് കേസ്സ് അട്ടിമറി നടത്തി ദളിത് കുടുംബത്തെ ക്രൂരമായി പീഡിപ്പിച്ചിരിക്കുന്നത്. ഇത് അങ്ങനെ വെറുതെ വിട്ടു കൂടാ. മനസ്സാക്ഷി നഷ്ടപ്പെടാത്ത അങ്ങയെ പോലുള്ളവര്‍ രംഗത്ത് വരണം. കശ്മീരിലും വടക്കേ ഇന്ത്യയിലും പശുവിനെ തപ്പിനടക്കുന്ന ജനാധിപത്യ മതേതര ബുദ്ധിജീവികളുടെ കേരളത്തിലെ മങ്ങിയ കാഴ്ചയ്ക്ക് മാറ്റം വരുത്തുവാൻ അങ്ങയുടെ പ്രതികരണത്തിനും സന്ദർശനത്തിനും കഴിയും. മാത്രമല്ല ഇത് വരെ ഇവിടെ സന്ദർശിക്കാത്ത മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കുറ്റബോധത്തിനും ഉൾവിളിക്കും കാരണമാകും. മന്ത്രി ബാലനും ഒരു കുറ്റബോധമുണ്ടാകാൻ ഇത് ഇടവരുത്തുമെന്ന് എനിക്ക് ഉറപ്പാണ്. തീർച്ചയായും കേരളത്തിന്റെ ശബ്ദമായി താങ്കളുടെ പ്രതികരണവും സന്ദർശനവും മാറും. താങ്കൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് ഒരിക്കൽ കൂടി ഖേദം പ്രകടിപ്പിച്ച് അങ്ങയെ വാളയാറിലേക്ക് ക്ഷണിക്കുന്നു.

സ്നേഹപൂർവ്വം
അഡ്വ ബി ഗോപാലകൃഷ്ണൻ

Top