പുതിയ മുന്നണി തേടി വെള്ളാപ്പള്ളിമാര്‍ ? നോട്ടം ഇടതുപക്ഷവും യു.ഡി.എഫും . . !

ബി.ഡി.ജെ.എസിനെ ബി.ജെ.പി മുന്നണിയില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ വെള്ളാപ്പള്ളി നടേശന്‍ തന്നെ രംഗത്ത്. എന്‍.ഡി.എയില്‍ നിന്നത് കൊണ്ട് ഇനി പ്രത്യേകിച്ച് കാര്യമൊന്നുമില്ലന്ന് ബി.ഡി.ജെ.എസ് നേതൃത്വത്തോട് വെള്ളാപ്പള്ളി തുറന്ന് പറഞ്ഞതായാണ് സൂചന. കേരളത്തില്‍ ബി.ഡി.ജെ.എസിന് പിടിച്ച് നില്‍ക്കണമെങ്കില്‍ ഇടതുപക്ഷത്തോ യു.ഡി.എഫിലോ നില്‍ക്കണമെന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിന് പിന്നില്‍.

പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ നവോത്ഥാന സമിതിയുടെ തലപ്പത്തിരിക്കുന്ന വെള്ളാപ്പള്ളിക്ക് ഇടത്തോട്ടാണ് നോട്ടം. ചെക്ക് കേസില്‍പ്പെട്ട് അകത്തായിരുന്ന തനിക്ക് വേണ്ടി മുഖ്യമന്ത്രി ഇടപ്പെട്ടത് ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. ബി.ജെ.പി രാജ്യസഭാംഗത്വം നല്‍കുമെന്ന പ്രതീക്ഷയും തുഷാറിനിപ്പോള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളി നടേശന്റെ മുഖ്യമന്ത്രിയുമായുള്ള അടുപ്പം ബി.ഡി.ജെ.എസിന്റെ ഇടതുമുന്നണി പ്രവേശനത്തില്‍ കലാശിച്ചാലും അത്ഭുതപ്പെടേണ്ടതില്ലന്നതാണ് അവസ്ഥ.

എന്നാല്‍ ആര്‍.എസ്.എസിന്റെ ഉല്‍പ്പന്നമായി സി.പി.എം വിലയിരുത്തിയ പാര്‍ട്ടിയെ മുന്നണിയിലെടുക്കുകയാണെങ്കില്‍ അത് രാഷ്ട്രീയമായി സി.പി.എമ്മിനാണ് തിരിച്ചടിയാകുക. ജാതി, മത വര്‍ഗ്ഗീയ സംഘടനകള്‍ക്കെതിരെ പോരാടിയ ചരിത്രമാണ് കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ അടിത്തറ.

നവോത്ഥാന സമിതിയുണ്ടാക്കി വെള്ളാപ്പള്ളിയെ അതിന്റെ തലപ്പത്ത് പ്രതിഷ്ടിച്ചത് തന്നെ സി.പി.എം ഇതുവരെ പിന്തുടര്‍ന്ന് പോന്ന നിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി അണികള്‍ക്കിടയിലും ഒരു വിഭാഗം നേതാക്കള്‍ക്കിടയിലും ഇപ്പോള്‍ തന്നെ ശക്തമായ അതൃപ്തി നിലവിലുണ്ട്.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഈഴവ വിഭാഗക്കാരും പിന്തുണക്കുന്ന പാര്‍ട്ടി പുതിയകാലത്തും സി.പി.എം തന്നെയാണ്. എസ്.എന്‍.ഡി.പി യോഗത്തിന്റെയോ ബി.ഡി.ജെ.എസിന്റെയോ പിന്തുണയില്ലാതെയാണ് ഈ കരുത്ത് ചെമ്പട ആര്‍ജിച്ചിരിക്കുന്നത്.

വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി യോഗം തലപ്പത്ത് വന്ന ശേഷം കടുത്ത സി.പി.എം വിരുദ്ധ നിലപാട് സ്വീകരിച്ചപ്പോള്‍ പോലും ഒരു ക്ഷീണവും സി.പി.എമ്മിനും ഇടതുപക്ഷത്തിനും സംഭവിച്ചിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം മറന്ന് വെള്ളാപ്പള്ളിയെയും മകനെയും ഇടതുപക്ഷത്തേക്ക് അടുപ്പിക്കാന്‍ ശ്രമിക്കരുതെന്ന അഭിപ്രായം ഇടതു ചിന്തകര്‍ക്കുമുണ്ട്.

ഭരണ തുടര്‍ച്ച ഉറപ്പ് വരുത്താന്‍ ജനപിന്തുണയുള്ള കേരള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്തണമെന്ന നിര്‍ദ്ദേശമാണ് ഇടത് ബുദ്ധിജീവികള്‍ക്കുള്ളത്. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത നിലപാടുകള്‍ മുറുകെ പിടിച്ചും മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ചും മുന്നോട്ട് പോയില്ലങ്കില്‍ വലിയ തിരിച്ചടി തന്നെ നേരിടുമെന്ന് മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്.

ആറ് നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും പുറത്ത് വരുന്നതോടെ വ്യക്തമാവാന്‍ പോകുന്നത് കേരളത്തിന്റെ ഭാവി കാഴ്ചപ്പാടാണ്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ എഫക്ട് ആണ് ചതിച്ചതെന്ന വാദം ഉപതെരഞ്ഞെടുപ്പില്‍ എന്തായാലും വിലപ്പോവുകയില്ല. പാലായില്‍ പരാജയപ്പെട്ടാല്‍ അത് മാണിയുടെ മരണത്തിലുള്ള സഹതാപ തരംഗമായി വ്യാഖ്യാനിച്ച് രക്ഷപ്പെടാമെങ്കിലും മറ്റിടങ്ങളില്‍ ആ ന്യായം വിലപ്പോവില്ല.

ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ അരൂരില്‍, ലോക്സഭ തെരഞ്ഞെടുപ്പില്‍ 648 വോട്ടിന്റെ ലീഡ് നേടിയത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ്. ഈ മണ്ഡലം കൈവിട്ടാല്‍ ഇടതുപക്ഷത്തെ സംബന്ധിച്ച് അത് വലിയ പ്രഹരമായിമാറും. അതുപോലെ തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് വന്നത്. ഈ ചരിത്രം ആവര്‍ത്തിച്ച് ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടാലും വലിയ പരാജയമായി അത് ചിത്രീകരിക്കപ്പെടും.

ബി.ഡി.ജെ.എസ് ഒരു കടലാസ് സംഘടനയാണെന്നും ബി.ജെ.പിയുടെ കരുത്താണ് എന്‍.ഡി.എയുടെ വോട്ടെന്നും ബി.ജെ.പിക്ക് എന്തായാലും ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് വലിയ പദവികളൊന്നും ബി.ഡി.ജെ.എസിനിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കാതിരിക്കുന്നത്. തുഷാര്‍ അകത്തായപ്പോള്‍ പോലും മുഖ്യമന്ത്രി പിണറായിയും എം.എ.യൂസഫലിയും കാട്ടിയ താല്‍പ്പര്യം പോലും ബി.ജെ.പി നേതാക്കള്‍ കാട്ടിയിരുന്നില്ലന്നതും ശ്രദ്ധേയമാണ്.

വയനാട്ടില്‍ മത്സരിച്ച് കെട്ടിവച്ച കാശ് പോലും നഷ്ടമായതിനാല്‍ വില പേശലിനുള്ള കരുത്താണിവിടെ തുഷാറിന് നഷ്ടമായിരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പില്‍ ആലപ്പുഴ സീറ്റ് ബി.ഡി.ജെ.എസിന് നല്‍കി വീണ്ടും അവര്‍ക്ക് മേല്‍ അഗ്‌നി പരീക്ഷണം നടത്താനാണ് ബി.ജെ.പിയുടെ പുതിയ നീക്കം.

സി.പി.എം സിറ്റിംഗ് സീറ്റില്‍ ബി.ഡി.ജെ.എസ് നേതാവിനെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എന്ത് റിസള്‍ട്ടാണ് ഉണ്ടാകുക എന്നാണ് ബി.ജെ.പി പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. അപകടം മുന്നില്‍ കണ്ട് സീറ്റ് ബി.ഡി.ജെ.എസ് വേണ്ടന്ന് പറഞ്ഞാലും നേട്ടം ബി.ജെ.പിക്ക് തന്നെയാണ്. വലിയ എതിര്‍പ്പില്ലാതെ അവര്‍ക്ക് തന്നെ അവിടെ മത്സരിക്കാനും കഴിയും.

ഉപതെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ മുന്നണി സംവിധാനങ്ങളില്‍ അടിമുടി മാറ്റംവരാനും സാധ്യത കൂടുതലാണ്. പരാജയപ്പെട്ടാല്‍ യു.ഡി.എഫിലാണ് വലിയ പൊട്ടിത്തെറിക്ക് സാധ്യതയുള്ളത്. കേരള കോണ്‍ഗ്രസ്സ് രണ്ടാകുമെന്ന കാര്യം എന്തായാലും ഉറപ്പായി കഴിഞ്ഞു. രണ്ടും യു.ഡി.എഫില്‍ തന്നെ തുടരുമോ എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്.

അതേസമയം കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം മുന്നണി വിടുകയാണെങ്കില്‍ ബി.ഡി.ജെ.എസിനെ മുന്നണിയില്‍ എടുക്കണമെന്ന താല്‍പ്പര്യം ഉമ്മന്‍ചാണ്ടിക്കുണ്ട്. ഇടതുപക്ഷം കനിഞ്ഞില്ലങ്കില്‍ യു.ഡി.എഫിന്റെ ഭാഗമാകുന്നതാണ് നല്ലതെന്ന അഭിപ്രായം ബി.ഡി.ജെ.എസ് നേതാക്കള്‍ക്കുമുണ്ട്. ഭരണ തുടര്‍ച്ച ഒരു മുന്നണിക്കും കിട്ടിയ ചരിത്രമില്ലാത്തതിനാല്‍ യു.ഡി.എഫില്‍ ചേക്കേറണമെന്ന നിലപാടിനാണ് ബി.ഡി.ജെ.എസില്‍ പ്രാമുഖ്യമുള്ളത്. എന്നാല്‍ ഈ മോഹങ്ങള്‍ക്ക് വലിയ പാര കോണ്‍ഗ്രസ്സില്‍ തന്നെ ഇപ്പോഴുണ്ട്.

വെള്ളാപ്പള്ളിമാരുടെ തട്ടകമായ ആലപ്പുഴയിലെ കോണ്‍ഗ്രസ്സ് നേതൃത്വം കടുത്ത നിലപാടിലാണ്. ഇക്കാര്യത്തില്‍ ഗ്രൂപ്പ് വ്യത്യാസമൊന്നുമില്ല. മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍ മുതല്‍ വി.ഡി.സതീശന്‍, പി.സി.വിഷ്ണുനാഥ്, വി.എം.സുധീരന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങി നേതാക്കളുടെ നീണ്ട നിര തന്നെ വെള്ളാപ്പള്ളിമാര്‍ക്കെതിരാണ്.

ഒരു കാരാണവശാലും ഇവര്‍ ബി.ഡി.ജെ.എസിനെ മുന്നണിയിലെടുക്കാന്‍ സമ്മതിക്കുകയില്ല. എന്‍.എസ്.എസ് നേതൃത്വം കടുപ്പിക്കുമെന്നതിനാല്‍ രമേശ് ചെന്നിത്തലക്കും മറിച്ചൊരു വാക്ക് പറയാന്‍ കഴിയില്ല. ബി.ഡി.ജെ.എസിനെ ഒപ്പം കൂട്ടിയതാണ് ബി.ജെ.പിക്ക് എന്‍.എസ്.എസ് വോട്ടുകളില്‍ നല്ലൊരു വിഭാഗം നഷ്ടമാകാന്‍ കാരണമായിരുന്നത്. എന്‍.എസ്.എസ് നേതൃത്വത്തിന്റെ മനസ്സറിയാതെ യു.ഡി.എഫ് നേതൃത്വത്തിന് ബി.ഡി.ജെ.എസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയില്ല.

ഇത്തരമൊരു സാഹചര്യത്തില്‍ വെള്ളാപ്പള്ളിമാരുടെ മുന്‍പിലുള്ള ഓപ്ഷന്‍ ഇടതുപക്ഷം മാത്രമാണ്. അതും സി.പി.എമ്മും സി.പി.ഐയും ഒറ്റെക്കെട്ടായി തീരുമാനിച്ചാല്‍ മാത്രമേ സാധ്യമാകൂ. അണികളും അനുഭാവികളും അംഗീകരിക്കാത്ത ഒരു നഷ്ടക്കച്ചവടത്തിന് സി.പി.എം റിസ്‌ക്ക് എടുത്താല്‍ ബി.ഡി.ജെ.എസ് മുന്നണിയിലെത്തും. പക്ഷേ അപ്പോഴും വെള്ളാപ്പള്ളിമാരുടെ ആശങ്ക ഒഴിയുകയില്ല. കേന്ദ്ര ഏജന്‍സികളുടെ തനി സ്വഭാവം അത്തരമൊരു ഘട്ടത്തില്‍ അവര്‍ക്ക് ശരിക്കും കാണേണ്ടി വരും.

Political Reporter

Top