‘ബി അശോക് മികച്ച ഉദ്യോഗസ്ഥന്‍, മാറ്റിയത് സ്വാഭാവിക നടപടി’ വൈദ്യുതി മന്ത്രി

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാന്‍ ഡോ.ബി അശോകിന്റെ സ്ഥാനമാറ്റം സ്വാഭാവികമായ നടപടി മാത്രമാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാറ്റിയതിന് പിന്നില്‍ യൂണിയനുകളുടെ സമ്മര്‍ദ്ദമില്ലെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കി. അശോകിന്‍റെ സ്ഥാനമാറ്റം സ്വാഭാവികമാണെന്നും അദ്ദേഹം മികച്ച ഉദ്യോഗസ്ഥനെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. കൃഷി വകുപ്പിലേക്കാണ് ബി. അശോകിനെ മാറ്റി നിയമിച്ചിട്ടുള്ളത്. കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി ഉടക്കിയ അശോകിനെ മാറ്റാന്‍ സര്‍ക്കാരിന് മേൽ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു.

അശോകിനെതിരെ കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനകളും സിഐടിയു നേതൃത്വവും ശക്തമായ സമരവുമായി രംഗത്ത് വന്നിരുന്നു. മറുവശത്ത് ഐഎഎസ് അസോസിയേഷൻ അദ്ദേഹത്തിന് പിന്തുണയുമായും രംഗത്തെത്തിയത് വലിയ വാദ പ്രതിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. മുൻ മന്ത്രി എംഎം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ തിരിഞ്ഞെങ്കിലും അദ്ദേഹത്തെ ഇതുവരെ സ‍ര്‍ക്കാര്‍ സംരക്ഷിച്ചിരുന്നു.

അശോകിന് പകരം മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡേയാണ് പുതിയ കെഎസ്ഇബി ചെയര്‍മാൻ. ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ആരോഗ്യവകുപ്പിൻ്റെ നിയന്ത്രണം നിര്‍വഹിച്ച് കൈയടി നേടിയ വ്യക്തിയാണ് രാജൻ കോബ്രഗഡ. മൂന്നാഴ്ച മുൻപാണ് അദ്ദേഹത്തെ ആരോഗ്യവകുപ്പിൽ നിന്നും ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്. ഈ സ്ഥലം മാറ്റത്തിൽ അദ്ദേഹം അതൃപ്തനാണെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു.

Top