അസ്ലന്‍ ഷാ കപ്പ് ഹോക്കി; അവസാന പൂള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം

ക്വാലാലംപൂര്‍: അസ്ലന്‍ ഷാ കപ്പ് ഹോക്കിയിലെ അവസാന പൂള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. മലേഷ്യയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ തോല്‍വി. ഇന്ത്യ തോറ്റതോടെ ബ്രിട്ടന്‍ 23 വര്‍ഷത്തിനുശേഷം ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. കലാശപ്പോരാട്ടത്തില്‍ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഇന്ത്യയ്ക്ക് ഇനി മൂന്നാം സ്ഥാനത്തിന് ന്യൂസീലന്‍ഡിനെതിരെ പ്ലേ ഓഫ് കളിക്കണം.

കളി തീരാന്‍ ഒന്‍പത് മിനിറ്റ് മാത്രം ശേഷിക്കെ സാബായാണ് ഇന്ത്യയ്ക്കെതിരെ വിജയം നിര്‍ണയിച്ച ഗോള്‍ നേടിയത്. പകുതി സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനിലയിലായിരുന്നു.

ധാരാളം അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. ലഭിച്ച നാല് പെനാല്‍റ്റി കോര്‍ണറുകളും ഇന്ത്യ പാഴാക്കി.

കഴിഞ്ഞ വര്‍ഷം ഇന്ത്യ മലേഷ്യയെ ഒന്നിനെതിരെ ആറ് ഗോളിന് തകര്‍ത്തിരുന്നു.

Top