അസര്‍ബൈജാനും അര്‍മീനിയയും വെടിനിര്‍ത്തല്‍ കരാറിലെത്തി; ലയന ചര്‍ച്ച ഇന്ന്

അര്‍മീനിയ: അസര്‍ബൈജാന്റെ ഭാഗമെങ്കിലും അര്‍മീനിയന്‍ ഗോത്രവിഭാഗങ്ങള്‍ പിടിച്ചെടുത്തു നിയന്ത്രിക്കുന്ന തര്‍ക്കപ്രദേശമായ നഗോര്‍ണോ കാരബാഖില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിന് താല്‍ക്കാലിക വിരാമം. റഷ്യയുടെ മധ്യസ്ഥതയില്‍ അസര്‍ബൈജാനും അര്‍മീനിയയും വെടിനിര്‍ത്തല്‍ കരാറിലെത്തി. വിമതസേനകള്‍ കീഴടങ്ങിയതോടെ സംഘര്‍ഷം കുറഞ്ഞതായി അര്‍മീനിയ പ്രധാനമന്ത്രി നിക്കോള്‍ പഷിന്യന്‍ അറിയിച്ചു. നഗോര്‍ണോ കാരബാഖ് അസര്‍ബൈജാനില്‍ തിരികെ ലയിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്നു നടക്കും.

അസര്‍ബൈജാനും അര്‍മീനിയയും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം യുദ്ധമാരംഭിച്ച അസര്‍ബൈജാനും അര്‍മീനിയയും തമ്മില്‍ കഴിഞ്ഞ കാലത്തുണ്ടായ ദീര്‍ഘമായ പോരാട്ടം 2020 ലായിരുന്നു. ഒന്നരമാസം നീണ്ടു നിന്ന ആ യുദ്ധത്തില്‍ വിമതമേഖകളില്‍ ചിലത് അസര്‍ബൈജാന്‍ തിരിച്ചുപിടിച്ചു. അന്നും റഷ്യ ഇടപെട്ടാണ് വെടിനിര്‍ത്തല്‍ സാധ്യമാക്കിയത്. അസര്‍ബൈജാന് തുര്‍ക്കിയുടെ പിന്തുണയുണ്ട്.

Top