അസദുദ്ദിന്‍ ഉവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

 

ഡല്‍ഹി: അസദുദ്ദിന്‍ ഉവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. വ്യാഴാഴ്ച ഉവൈസി സഞ്ചരിച്ചിരുന്ന കാറിന് നേരെ വെടിവയ്പ്പുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അവലോകന യോഗത്തിലാണ് കേന്ദ്ര റിസര്‍വ് പോലീസ് ഫോഴ്സിന്റെ ഇസഡ് കാറ്റഗറി സുരക്ഷ അദ്ദേഹത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഉത്തര്‍പ്രദേശിലെ മീററ്റില്‍നിന്നും ഡല്‍ഹിക്കു മടങ്ങുമ്പോളാണ് ഉവൈസിയുടെ കാറിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ കാറിന്റെ ടയറുകള്‍ പൊട്ടി. എന്നാല്‍ ആര്‍ക്കും പരിക്കില്ല.

ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേയില്‍ ഗൗതംബുദ്ധനഗറിലെ ചിജാര്‍സി ടോള്‍ പ്ലാസയ്ക്കു സമീപമായിരുന്നു ആക്രമണം ഉണ്ടായത്. അക്രമികള്‍ കാറിനു നേരെ നാല് തവണ വെടിയുതിര്‍ത്തു. അക്രമികള്‍ മൂന്നോ നാലോ പേരുണ്ടായിരുന്നതായി ഉവൈസി പറഞ്ഞു.

അതേസമയം, സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി. നോയിഡ സ്വദേശി സച്ചിന്‍, സഹരന്‍പുര്‍ സ്വദേശി ശുഭം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും പോലീസ് പിസ്റ്റള്‍ പിടിച്ചെടുത്തു.

 

Top