ആസാദി ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല ; കശ്മീരിലെ പ്രക്ഷോഭകരോട് കരസേനാ മേധാവി

General Bipin Rawat

ന്യൂഡല്‍ഹി: നിങ്ങളുദ്ദേശിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യം ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ലെന്നും ഇതിന് വേണ്ടി സൈന്യത്തിനോട് ഏറ്റുമുട്ടേണ്ടതില്ലെന്നും കശ്മീരിലെ പ്രക്ഷോഭകരോട് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ആസാദി ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് തനിക്ക് പറയാനുള്ളതെന്നും കശ്മിരിലെ യുവാക്കള്‍ അത് മനസിലാക്കണമെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കശ്മീരിലെ യുവാക്കളെ ആയുധമെടുത്ത് സ്വാതന്ത്ര്യത്തിനായി പോരാടാന്‍ പ്രേരിപ്പിക്കുന്നവരേക്കുറിച്ചും കരസേനാ മേധാവി ആശങ്ക പ്രകടിപ്പിച്ചു. ഏറ്റുമുട്ടലില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെടുന്നുവെന്നത് പ്രധാനമല്ലെന്നും അത് തുടര്‍ന്നുകൊണ്ടേയിരിക്കും. കാരണം പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നു. ഇതെല്ലാം നിഷ്ഫലമാകുമെന്നാണ് എനിക്ക് അവരോട് പറയുനുള്ളത്. ഒരിക്കലും സൈന്യവുമായി ഏറ്റുമുട്ടാനുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലുന്നത് ഞങ്ങള്‍ ആസ്വദിക്കാറില്ല. പക്ഷെ ഏറ്റുമുട്ടാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ എല്ലാ ശക്തിയും കൊണ്ട് യുദ്ധം ചെയ്യും. രക്ഷാ സേന ക്രൂരന്‍മാരല്ലെന്ന് കശ്മീരികള്‍ മനസിലാക്കണം. സിറിയയേയും പാക്കിസ്ഥാനിനേയും നോക്കൂ അവര്‍ ടാങ്കുകളും യുദ്ധവിമാനങ്ങളുമുപയോഗിച്ചാണ് സമാന സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. എത്രവലിയ പ്രകോപനമുണ്ടായാലും സാധാരണക്കാര്‍ക്ക് അപായമുണ്ടാകാതിരിക്കാന്‍ സൈന്യം പരമാവധി ശ്രമിക്കുന്നുണ്ട്. സുരക്ഷാ സേനയോട് ഏറ്റുമുട്ടുന്നവര്‍ കൊല്ലപ്പെടരുത് എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആയുധം ഉപേക്ഷിച്ച് തിരികെ വരാന്‍ അവരോട് പറയുകയാണ് വേണ്ടത്. എന്നാല്‍ ഭീകരര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി സൈനിക നടപടി തടസ്സപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

Top