പിണറായി വിരുദ്ധനും ആരാധകനായി, പ്രകീര്‍ത്തിച്ച് ഡോ.ആസാദ്

കോഴിക്കോട്: മഹാരോഗം പടരുന്നുവെന്ന് ഭയപ്പെടുത്തുകയല്ല എല്ലാം നമുക്കു നിയന്ത്രിക്കാനാവും എന്ന ആത്മവിശ്വാസം പകരുകയാണ് ഓരോ പത്രസമ്മേളനത്തിലും മുഖ്യമന്ത്രിയെന്ന് എഴുത്തുകാരനും ചിന്തകനുമായ ഡോ. ആസാദിന്റെ കുറിപ്പ്.

കൊവിഡ് വ്യാപനം തടയാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെയും സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ക്ക് നല്‍കുന്ന പരിഗണനയെയും കുറിച്ച് പ്രശംസിച്ചാണ് ഡോ. ആസാദ് തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

ഡോ. ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

കേരളത്തിന്റെ പ്രതിരോധത്തിനും ആത്മവിശ്വാസത്തിനും ഇപ്പോള്‍ പിണറായി വിജയനെന്ന് ഒറ്റനാമം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ കമ്യൂണിറ്റി കിച്ചന്‍ തുടങ്ങാനുള്ള സര്‍ക്കാറിന്റെ തീരുമാനം അശരണരായ അനേകര്‍ക്ക് ആശ്വാസം പകരും. നമ്മുടെ പൊതുവിതരണ സംവിധാനംവഴി അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനു പുറമെയാണിത്. സഹായം എത്തേണ്ടിടത്ത് എത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുകയാണ്. സമൂഹത്തിലെ അടിത്തട്ടു മനുഷ്യരെ സംബന്ധിച്ചുള്ള ഈ ജാഗ്രത അഭിവാദ്യം ചെയ്യപ്പെടണം. പിണറായി വിജയന്‍ സര്‍ക്കാറിന് ആദരവുകളോടെ അഭിവാദ്യം.

ഏറ്റവും അപായകരമായ ഒരു സന്ദര്‍ഭത്തില്‍ അടച്ചിട്ട രാജ്യത്തിനകത്ത് അതീവ ജാഗ്രതയോടെയും സഹിഷ്ണുതയോടെയും വീട്ടിനകത്തേയ്ക്ക് ഒതുങ്ങാനും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും മൂന്നരക്കോടിയോളം വരുന്ന മലയാളികള്‍ സന്നദ്ധരാവുന്നുണ്ട്. അപൂര്‍വ്വം ചിലരൊക്കെ പുറത്തിറങ്ങാതില്ല. അവരെ കോവിഡ്ഗൗരവം ബോധ്യപ്പെടുത്താന്‍ ഉദ്യോഗസ്ഥ സന്നദ്ധ പ്രവര്‍ത്തക സംഘങ്ങളാകെ രംഗത്തുണ്ട്.

കമ്യൂണിറ്റി കിച്ചന്‍ പ്രാവര്‍ത്തികമാക്കാന്‍ അതതു പ്രദേശത്തു സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തും. ഏതെങ്കിലും സംഘടനയുടെ കൊടിയോ മേന്മയോ ഉയര്‍ത്തിക്കാണിക്കാന്‍ ഈ സന്ദര്‍ഭം ദുരുപയോഗം ചെയ്യപ്പെടരുത് എന്ന പക്വമായ മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കുന്നു. തീര്‍ച്ചയായും സന്ദര്‍ഭത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള കാര്യക്ഷമമായ നേതൃശേഷിയാണ് മുഖ്യമന്ത്രിയില്‍ കാണുന്നത്.

മഹാരോഗം പടരുന്നുവെന്ന് ഭയപ്പെടുത്തുകയല്ല എല്ലാം നമുക്കു നിയന്ത്രിക്കാനാവും എന്ന ആത്മവിശ്വാസം പകരുകയാണ് ഓരോ പത്രസമ്മേളനത്തിലും മുഖ്യമന്ത്രി. സര്‍ക്കാര്‍ എന്തു ചെയ്തു, എന്തു ചെയ്യാന്‍ തയ്യാറെടുക്കുന്നു, ഓരോ ദിവസവും രോഗബാധിതര്‍ എത്ര പേര്‍, നിരീക്ഷണത്തില്‍ എത്രപേര്‍ എന്നെല്ലാമുള്ള തുറന്ന അറിയിപ്പുകള്‍ ഒരു ജനാധിപത്യ സര്‍ക്കാറിന്റെ പ്രതിബദ്ധത വിളിച്ചറിയിക്കുന്നു. ഏതൊരാള്‍ക്കും ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ പര്യാപ്തമാണ് മുഖ്യമന്ത്രി പിണറായിയുടെ പത്രസമ്മേളനങ്ങള്‍ എന്നു പറയേണ്ടതുണ്ട്.

ഈ യുദ്ധത്തില്‍ കേരളത്തെ നയിക്കേണ്ടത് നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ സംവിധാനമാണ്. നായകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ. അദ്ദേഹം അത് പ്രശംസാര്‍ഹമായ രീതിയില്‍ നിര്‍വ്വഹിക്കുന്നു. സന്ദര്‍ഭം ആവശ്യപ്പെടുന്ന സഹകരണവും പിന്തുണയും നല്‍കാന്‍ നാം തയ്യാറാവണം. വ്യക്തിപരമായി അങ്ങനെയൊരു ഉറപ്പു നല്‍കലാണ് ഈ കുറിപ്പ്. പ്രിയരേ, ഈ ആപല്‍ഘട്ടത്തെയും നാം അതിജീവിക്കും. പിണറായി വിജയന്‍ സര്‍ക്കാറിന് ഈ യുദ്ധത്തില്‍ പൂര്‍ണപിന്തുണ. അഭിവാദ്യം.

Top