ആസാദ് കാശ്മീർ പരാമർശം: കെ.ടി. ജലീലിനെതിരെ ഡൽഹി പൊലീസിൽ പരാതി

ന്യൂഡൽഹി: ഫേസ്ബുക് പോസ്റ്റിലെ ആസാദ് കാശ്മീർ പരാമർശത്തിൽ കെ.ടി. ജലീലിനെതിരെ ഡൽഹി പൊലീസിൽ പരാതി. ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ അഡ്വ. ജി.എസ്. മണിയാണ് പരാതി നൽകിയത്. പാക്ക് അധീന കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ന്യായീകരണവുമായി മുൻ മന്ത്രി കെ.ടി ജലീൽ രംഗത്ത് വന്നിരുന്നു. ഇരട്ട ഇൻവർട്ടഡ് കോമയിലാണ് വിവാദ പരാമർശം നടത്തിയതെന്നാണ് ജലീൽ വ്യക്തമാക്കിയിരിക്കുന്നത്. പാക്ക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്നു വിശേഷിപ്പിച്ചതാണ് വിവാദമായിരിക്കുന്നത്.
നിലവിൽ കശ്മീരിൽ സന്ദർശനത്തിലാണ് അദ്ദേഹമുള്ളത്.പരാമർശം വിവാദമായതോടെ ഫേസ്ബുക്ക് കുറിപ്പിലൂടെ തന്നെയാണ് ജലീൽ പ്രതികരിച്ചിരിക്കുന്നത്. ഒറ്റവരിയിൽ ന്യായീകരണം ഒതുക്കുകയും ചെയ്തു. ”ഡബിൾ ഇൻവർട്ടഡ് കോമയിൽ ‘ആസാദ് കശ്മീർ’ എന്നെഴുതിയാൽ അതിന്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം” എന്നാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. കശ്മീർയാത്രാ അനുഭവങ്ങൾ പങ്കുവച്ച കുറിപ്പിന്റെ ഒടുവിൽ വാൽക്കഷണം എന്ന അടിക്കുറിപ്പോടെയാണ് ഇക്കാര്യം ചേർത്തിരിക്കുന്നത്.

ഇന്നലെയാണ് കശ്മീർയാത്രാ അനുഭവങ്ങൾ ജലീൽ ഫേസ്ബുക്കിൽ പോസ്റ്റായി പങ്കുവച്ചത്. ഇതിലാണ് പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീർ എന്ന് അറിയപ്പെട്ടുവെന്ന് സൂചിപ്പിച്ചത്. ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന കശ്മീരെന്നും കുറിപ്പിൽ പറയുന്നുണ്ട്.

നിയമസഭയുടെ പ്രവാസി ക്ഷേമകാര്യ സമിതിയുടെ ഇതര സംസ്ഥാന നിയമസഭാ സന്ദർശനങ്ങളുടെ ഭാഗമായാണ് ജലീൽ കശ്മീരിലെത്തിയത്. സമിതി ചെയർമാനായ മുൻ മന്ത്രി എ.സി മൊയ്തീനാണ് യാത്രയ്ക്കു നേതൃത്വം നൽകുന്നത്. യാത്രയുടെ ഭാഗമായി പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ എം.എൽ.എമാർ സന്ദർശിച്ചിരുന്നു.

കശ്മീർ വിഷയത്തിൽ കെടി ജലീൽ നടത്തിയ പരാമർശം പ്രതിഷേധാർഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ജലീലിന്റേത് ദേശീയ താൽപര്യത്തിന് വിരുദ്ധമായ നിലപാടാണെന്നും മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും അറിവോടെയാണോ പരാമർശമെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

 

Top